തമിഴ്നാട്ടിൽ വിജയ് സർക്കാരിൻ്റെ തായ് മാമൻ തങ്ക മോതിരം പദ്ധതി കരാർ കേരള ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും. ഒരു സ്വർണ മോതിരത്തിന് 1 പൈസ പണിക്കൂലി വാഗ്ദാനം ചെയ്താണ് ഇരു ഗ്രൂപ്പുകളും പദ്ധതിയുടെ കരാർ നേടിയത്.
70 ശതമാനം ജോയ് ആലുക്കാസിനും 30 ശതമാനം കല്യാൺ ജ്വല്ലേഴ്‌സിനും കരാർ നൽകിയെന്ന് അറിയിച്ച് സർക്കാർ ഉത്തരവിറക്കി.
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന 755 കോടി രൂപയുടെ പദ്ധതിയുടെ 70 ശതമാനം കരാറാണ് ജോയ് ആലുക്കാസ് നേടിയത്. മോതിരം നിർമിച്ച് നൽകുന്നതിനായി
സർക്കാർ ടെൻഡർ ക്ഷണിച്ചപ്പോൾ ഒരു മോതിരത്തിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 1 പൈസയാണ് ജോയ് ആലുക്കാസ് വാഗ്ദാനം ചെയ്തത്. സ്വർണ്ണത്തിന്റെ വില ഒഴികെയുള്ള നിർമ്മാണ ചാർജുകളും മറ്റ് അധിക ചെലവുകളും ഉൾപ്പടെയാണിത്.
കുറഞ്ഞ നിരക്ക് നൽകിയ സ്ഥാപനത്തിന്റെ നിരക്കിന് തുല്യമാക്കാൻ അവസരം നൽകിയപ്പോൾ കല്യാൺ ജ്വല്ലേഴ്സ് സമ്മതം അറിയിച്ചതോടെയാണ് 30 ശതമാനം കരാർ കല്യാൺ ജ്വല്ലേഴ്‌സ് സ്വന്തമാക്കിയത്. ഇത് പ്രകാരം ജൂൺ മാസം മുതൽ ആദ്യ നാല് മാസത്തേക്ക് വേണ്ട 1,28,499 സ്വർണ മോതിരങ്ങൾ നിർമ്മിക്കാൻ സർക്കാർ ഇരു ജ്വല്ലറി ഗ്രൂപ്പുകൾക്കും ഓർഡർ നൽകി. സെപ്റ്റംബർ 15-ന് തുടങ്ങുന്ന പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിക്കും ഒരു ഗ്രാം സ്വർണ്ണ മോതിരവും ബേബി കിറ്റും നൽകും. ടി വികെ സർക്കാരിൻ്റെ ജനപ്രിയ
തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പദ്ധതി.