ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറം പകരാൻ റേഡിയോ മാംഗോയുടെ മെഗാ ഓണാഘോഷ പര്യടനമായ 'തിര'യ്ക്ക് തുടക്കമായി. കൊച്ചി മലയാള മനോരമ ഓഫീസിൽ നടന്ന ചടങ്ങിൽ 'തിര'യുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. 

കേരളത്തിന്റെ തനത് ഓണപ്പെരുമ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 20 ദിവസത്തെ സംസ്ഥാന പര്യടനമാണ് 'തിര'. ഈ മാസം 25 വരെ കേരളത്തിലെ 14 ജില്ലകളിലായി പര്യടനം നടക്കും. തിരഞ്ഞെടുത്ത കോളജുകൾ, ബീച്ചുകൾ, പാർക്കുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 

ഓണക്കളികൾ, സമ്മാനവിതരണം, ലൈവ് മ്യൂസിക് ഷോകൾ, ചെണ്ടമേളം, പുലിക്കളി, മാവേലി, തിരുവാതിര ഫ്യൂഷൻ അവതരണങ്ങൾ, യുവാക്കൾക്കായി 'തിരുവാതിര റീൽ ചലഞ്ച്'തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പൊതുസ്ഥലങ്ങളിൽ പ്രത്യേക ഗെയിം കിയോസ്കുകൾ സജ്ജമാക്കി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.