പ്രതീകാത്മക ചിത്രം
ജൂണ്‍ 18 മുതല്‍ എന്‍എസ്ഇയില്‍ നിന്നും ബിഎസ്ഇയില്‍ നിന്നും ഡി ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങി ജയപ്രകാശ് അസോസിയേറ്റ്സ്. നീണ്ടു നിന്ന പാപ്പരത്ത കേസുകള്‍ക്ക് ശേഷം ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ ആസ്തികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിന് പിന്നാലെയാണ് കമ്പനി ഡിലിസ്റ്റിങിന് ഒരുങ്ങുന്നത്. ഡി ലിസ്റ്റിങിനായുള്ള അനുമതി ഇരു സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും ലഭിച്ചതായി കമ്പനി അറിയിച്ചു.
2024 ജൂണിലാണ് ജയപ്രകാശ് അസോസിയേറ്റ്സിനെതിരെയുള്ള പാപ്പരത്ത നടപടികൾ ആരംഭിച്ചത്. കമ്പനിക്കായി 14,535 കോടി രൂപയുടെ പരിഹാര പദ്ധതിയാണ് അദാനി എന്റർപ്രൈസസ് സമർപ്പിച്ചത്. ഇതിന് നാഷണല്‍ കമ്പനി ലോ ട്രബ്യൂണലിന്‍റെ അലഹബാദ് ബെഞ്ച് മാര്‍ച്ച് 17 ന് അംഗീകാരം നല്‍കിയിരുന്നു. പിന്നാലെ മേയ് മാസത്തില്‍ നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് കടക്കാര്‍ക്ക് 6,000 കോടി രൂപ അനുവദിച്ചു.
നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമായി ജയപ്രകാശ് അസോസിയേറ്റ്സിന്‍റെ ജയ്പീ ഗ്രീൻസ്, ജയ്പീ ഇന്റർനാഷണൽ സ്പോർട്സ് സിറ്റി തുടങ്ങിയ പ്രമുഖ റിയൽ എസ്റ്റേറ്റ് പദ്ധതികൾ അദാനി ഗ്രൂപ്പിന്‍റെ ഭാഗമാകും. ഇതിനൊപ്പം ജയപ്രകാശ് പവറില്‍ ജയ്പ്രകാശ് അസോസിയേറ്റ്സിനുള്ള 24 ശതമാനം ഓഹരികള്‍ 2,994 കോടി രൂപയ്ക്ക് അദാനി പവർ സ്വന്തമാക്കും. 180 മെഗാവാട്ടിന്‍റെ താപവൈദ്യുത നിലയം 1,200 കോടിക്ക് സ്വന്തമാക്കാനും കമ്പനി കരാറിലെത്തിയിട്ടുണ്ട്.
എന്നാല്‍ ജയപ്രകാശ് അസോസിയേറ്റ്സിന്‍റെ നിലവിലെ നിക്ഷേപകര്‍ക്ക് പണമൊന്നും ലഭിക്കില്ല. 2026 മാര്‍ച്ച് 31 നുള്ള കണക്കു പ്രകാരം 6.48 ലക്ഷം ഓഹരി ഉടമകളാണ് ജയപ്രകാശ് അസോസിയേറ്റ്സിലുള്ളത്. എട്ടു ശതമാനത്തോളം ഓഹരികള്‍ ഐസിഐസിഐ ബാങ്കിന്‍റെ കയ്യിലാണ്. അദാനി ഗ്രൂപ്പുമായുള്ള പരിഹാര പദ്ധതി പ്രകാരം ജയപ്രകാശ് അസോസിയേറ്റ്സിന്‍റെ നിലവിലെ ഓഹരി പങ്കാളിത്ത ഘടന പൂര്‍ണമായും റദ്ദാക്കപ്പെടും. അതിനാല്‍ കമ്പനി ഡീലിസ്റ്റ് ചെയ്യുന്നതോടെ നിലവിലുള്ള നിക്ഷേപകരുടെ പണം നഷ്ടമാകും.