ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഐപിഒ യാഥാര്‍ഥ്യമാകുന്നു. ഐപിഒയുമായി ബന്ധപ്പെട്ട പ്രാഥമിക രേഖകൾ അടുത്തയാഴ്ച സെബിക്ക് സമർപ്പിക്കുമെന്നാണ് വിവരം. നിയമപ്രശ്നങ്ങളെ തുടർന്ന് ഒരു പതിറ്റാണ്ടോളമായി മുടങ്ങിക്കിടന്ന ഐപിഒയാണ് യാഥാര്‍ഥ്യമാകുന്നത്.
ഈ വർഷം ജനുവരിയിലാണ് ഐപിഒ നടപടികളുമായി മുന്നോട്ടുപോകാൻ സെബി എൻഎസ്ഇക്ക് എന്‍ഒസി നൽകിയത്. പിന്നാലെ ഫെബ്രുവരി ആറിന് ചേർന്ന എൻഎസ്ഇ ഡയറക്ടർ ബോർഡ് ഐപിഒയ്ക്ക് അംഗീകാരം നൽകിയിരുന്നു. നിലവിലുള്ള ഓഹരി ഉടമകൾ ഓഹരികൾ വിൽക്കുന്ന ഓഫർ ഫോർ സെയിൽ രീതിയിലായിരിക്കും ഐപിഒ. പുതിയ ഓഹരികൾ പുറത്തിറക്കില്ല.
ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, വിദേശ നിക്ഷേപകർ, വ്യക്തിഗത ഓഹരി ഉടമകൾ എന്നിവരുൾപ്പെടെ വിപുലമായ ഓഹരിയുടമകളാണ് നാഷണല്‍ എക്സ്ചേഞ്ചിനുള്ളത്. ലൈഫ് ഇൻഷുറൻസ് കോർപറേഷനാണ് എൻഎസ്ഇയുടെ ഏറ്റവും വലിയ ഓഹരിയുടമ. 10.72% ഓഹരികളാണ് എല്‍ഐസിയുടെ കൈവശമുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഉപകമ്പനിയായ എസ്ബിഐ ക്യാപിറ്റലിനുമായി 7.5% ഓഹരി പങ്കാളിത്തമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായിരിക്കും ഇത്. 1.8 ലക്ഷത്തോളം ഓഹരി ഉടമകളുള്ള എൻഎസ്ഇക്ക്, അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ 5 ലക്ഷം കോടി രൂപയിലേറെ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍. എത്ര രൂപയായിരിക്കും ഇഷ്യു പ്രൈസ് എന്ന് പുറത്തുവന്നിട്ടില്ല. അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ രണ്ടായിരം രൂപയ്ക്കടുത്താണ് എന്‍എസ്ഇയുടെ ഒരു ഓഹരിയുടെ വില.
2016ൽ 10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് എൻഎസ്ഇ ഐപിഒയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ, വിവിധ നിയമപ്രശ്നങ്ങളും ഭരണതലത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി സെബി അനുമതി നിഷേധിക്കുകയായിരുന്നു. അതിനുശേഷം, അനുമതിക്കായി എക്സ്ചേഞ്ച് പലതവണ റെഗുലേറ്ററെ സമീപിക്കുകയും ഭരണതലത്തിലും നിയമപരമായ കാര്യങ്ങളിലും ഒട്ടേറെ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.