melody-candy-share

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയ്ക്ക് പാര്‍ലെ 'മെലോഡി' സമ്മാനിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞെങ്കിലും ഓഹരി വിപണിയില്‍ അതിന്‍റെ പ്രകമ്പനം അവസാനിച്ചിട്ടില്ല. മെലോഡി നിര്‍മാതാക്കളായ പാര്‍ലെ പ്രൊഡക്ട്സ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും മെലോഡി ഗിഫ്റ്റിന്‍റെ നേട്ടം ഉണ്ടാക്കിയത് പാര്‍ലെ ഇന്‍ഡ‍സ്ട്രീസാണ്. ഇന്‍ഫ്രാ, റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ  തുടര്‍ച്ചയായ നാലാം സെഷനിലും ഓഹരി അപ്പര്‍ സര്‍ക്യൂട്ട് കയറി. 

 

ഈയിടെ ഇറ്റലി സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് 'മെലോഡി' (Melody) മിഠായികൾ സമ്മാനിച്ചത്. പേരിലെ സാമ്യം കാണിച്ച് വിഡിയോ മെലോണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വിഡിയോ വൈറലായി മാറി. 'മെലോഡി' വളരെ വളരെ നല്ല ടോഫി എന്നാണ് മെലോണി വിശേഷിപ്പിച്ചത്. മിഠായിക്ക് രാജ്യാന്തര പ്രാചരണം ലഭിച്ചതോടെ സ്വാഭാവികമായും നിര്‍മാതാക്കളെ നിക്ഷേപകര്‍ തിരഞ്ഞു. 

 

ഇന്ത്യയിലെ എഫ്എംസിജി കമ്പനിയായ പാര്‍ലെ പ്രൊഡക്ട്സാണ് 'മെലോ‍ഡി' മിഠായിയുടെ നിര്‍മാതാക്കള്‍. പാര്‍ലെജി, ക്രാക്ക്ജാക്ക്, മാങ്കോ ബൈറ്റ് അടക്കം പ്രിയ രുചികളുടെ പിന്നിലും പാര്‍ലെ പ്രൊഡക്ടാണ്. എന്നാല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. പേരു തിരഞ്ഞു പോയ നിക്ഷേപകര്‍ക്ക് പേരിനോട് സാമ്യമുള്ള പാർലെ ഇൻഡസ്ട്രീസിനെയാണ് ലഭിച്ചത്. അടിസ്ഥാന സൗകര്യ, റിയൽ എസ്റ്റേറ്റ്, പേപ്പർ വേസ്റ്റ് റീസൈക്ലിങ് ബിസിനസുകള്‍ ചെയ്യുന്ന മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് പാർലെ ഇൻഡസ്ട്രീസ്. പാർലെ പ്രോഡക്‌ട്‌സുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല. 

 

നിക്ഷേപകര്‍ പാർലെ ഇൻഡസ്ട്രീസിന് പിന്നാലെ പോയതോടെ ഓഹരികള്‍ കുതിക്കുകയാണ്. മെലോഡി ഗിഫ്റ്റിന് ശേഷം ഓഹരികൾ 21 ശതമാനത്തിലധികം ഉയർന്നു. തിങ്കളാഴ്ച ഓഹരികൾ 5 ശതമാനം ഉയർന്ന് തുടർച്ചയായ നാലാം സെഷനിലും അപ്പർ സർക്യൂട്ടിലെത്തി. നിലവില്‍ 6.06 രൂപയിലാണ് ഓഹരി വില. 30 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

ENGLISH SUMMARY:

A diplomatic gesture by Prime Minister Narendra Modi, who gifted 'Melody' toffees to Italian PM Giorgia Meloni during his recent Italy visit, has triggered an unexpected rally in the Indian stock market. Following Meloni's viral social media video praising the candy, eager investors rushed to buy shares of its manufacturer, Parle Products. However, since the famous FMCG giant is unlisted, confused investors poured money into a similarly named but completely unrelated penny stock called Parle Industries. Consequently, the shares of Parle Industries—a Mumbai-based infrastructure and real estate firm—hit the 5% upper circuit for the fourth consecutive session, surging over 21% to reach ₹6.06.