പ്രമുഖ സ്വർണ പണയ എൻബിഎഫ്‌സിയായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്, 'മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്തു. മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടുകൊണ്ടാണ് കമ്പനിയുടെ സുപ്രധാന പ്രഖ്യാപനം. നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 91.88 ശതമാനത്തിന്റെ വൻ കുതിപ്പുണ്ടായി. മുൻവർഷം ഇതേ കാലയളവിലെ 27.18 കോടിയിൽ നിന്ന് 52.16 കോടി രൂപയായാണ് ലാഭം ഉയർന്നത്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 5494.58 കോടി രൂപയായി ഉയരുകയും ചെയ്തു. ഭാവിയെ ലക്ഷ്യമിട്ട്, പ്രൊഫഷണലായി മുന്നേറുന്ന സ്ഥാപനമെന്ന നിലയിലേക്കുള്ള വളർച്ചയാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. വരുമാനത്തിലെയും ലാഭത്തിലെയും മുന്നേറ്റം ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, ഡിജിറ്റൽ നവീകരണം, റിസ്ക് മാനേജ്മെന്റ് ശക്തിപ്പെടുത്തൽ എന്നിവയും റീബ്രാൻഡിങ്ങിന്റെ ഭാഗമായി ലക്ഷ്യമിടുന്നു.