പ്രസിഡന്‍റിനെ തട്ടിക്കൊണ്ടു പോയ യു.എസിന്‍റെ സൈനിക നടപടിയുണ്ടായിട്ടും വെനസ്വേലന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. കാരക്കസ് സ്റ്റോക്ക് എക്സേചഞ്ചിന്‍റെ വെനസ്വേല ഐബിസി സൂചിക ചൊവ്വാഴ്ച 50 ശതമാനമാണ് മുന്നേറിയത്. പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത യു.എസ് സൈനിക നടപടി രാജ്യത്തിന്‍റെ പഴയ കാലത്ത് നിന്നുള്ള മാറ്റമായാണ് വിപണി കണ്ടത്. സമ്പദ്‌വ്യവസ്ഥ മുന്നേറുമെന്നതിന്‍റെ സൂചനയാണ് വിപണിയിലുണ്ടായ റാലി.
കഴിഞ്ഞ മാസം ആരംഭിച്ച റാലിയുടെ തുടര്‍ച്ചയാണിതെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 23 ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മഡുറോ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയത് മുതല്‍ വിപണിയില്‍ മുന്നേറ്റമാണ്. അന്നു തൊട്ട് ഇന്നുവരെ സൂചിക 148 ശതമാനം മുന്നേറി. മഡുറോയുടെ അറസ്റ്റിന് പിന്നാലെ 74 ശതമാനം മുന്നേറി. ജനുവരി രണ്ടിന് ഐബിസി സൂചിക 2231 ലായിരുന്നു. ജനുവരി ആറിന് 3897 ലേക്ക് എത്തി.
യുഎസ് നിയന്ത്രണത്തിന് കീഴില്‍ രാജ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് വിപണിയിലെ റാലിക്ക് കാരണം. ഉപരോധങ്ങള്‍ ഒഴിവാക്കുമെന്നതും വിദേശ നിക്ഷേപങ്ങള്‍ എത്തുമെന്നതും ശുഭസൂചനയായാണ് വിപണി കണ്ടത്. അതേസമയം, പ്രാദേശിക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സമ്പന്ന നിക്ഷേപകരും മാത്രം ഉള്‍കൊള്ളുന്ന വിപണിയാണ് കാരക്കസ് സ്റ്റോക്ക് എക്സ്ചേഞ്ച്. ഭൂരിഭാഗം ഓഹരികളും ഇവര്‍ കൈവശം വച്ചിരിക്കുന്നതിനാല്‍ പൊതുജന പങ്കാളിത്തം കുറവാണ്. ഇടപാട് കുറവാണെന്നതിനാല്‍ ലിക്വിഡിറ്റിയും കുറവ്.
15 കമ്പനികള്‍ മാത്രമാണ് കാരക്കസ് സ്റ്റോക്ക് എക്സേചഞ്ചില്‍ വ്യാപാരം നടത്തുന്നത്. സൗത്ത് അമേരിക്കയിലെ ഏറ്റവും ചെറിയ എക്സ്ചേഞ്ചാണിത്. 2018 ലാണ് വെനസ്വേലന്‍ വിപണി ആരംഭിച്ചത്. വലിയ മുന്നേറ്റം ഇക്കാലയളവില്‍ വിപണി നല്‍കിയിട്ടുണ്ട്. 2019 തില്‍ 4,400%, 2020 തില്‍ 1380% എന്നിങ്ങനെയാണ് മുന്നേറ്റം. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളിലും 100 ശതമാനത്തിന് മുകളില്‍ വെനസ്വേല ഐബിസി സൂചിക മുന്നേറി. വെനസ്വേലന്‍ സര്‍ക്കാറിന്‍റെ എണ്ണ കമ്പനിയായ പിഡിവിഎസ്എയുടെ ബോണ്ടുകളുടെ വിലയിലും മുന്നേറ്റമുണ്ടായി. ഭരണമാറ്റം ഉണ്ടാകുന്നതോടെ കമ്പനിയുടെ കടങ്ങള്‍ പുനഃക്രമീകരിക്കാന്‍ നടപടി ഉണ്ടാകുമെന്നതാണ് ബോണ്ട് വില ഉയരാന്‍ കാരണം.