ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് തട്ടിക്കൊണ്ടുപോകുമോയെന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ ചോദ്യത്തിൽ വിവാദം. വെനസ്വേലയിൽ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ മോദിയേയും തട്ടിക്കൊണ്ടുപോകുമോ എന്ന ചോദ്യത്തിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ ചവാനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഇന്ത്യയ്ക്കു മേൽ യുഎസ് കനത്ത തീരുവകൾ ചുമത്തിയ സംഭവത്തിൽ മോദിയെ വിമർശിച്ചുകൊണ്ടായിരുന്നു ചവാന്റെ പ്രസ്താവന. '50 ശതമാനം തീരുവ ചുമത്തുമ്പോൾ എങ്ങനെ വ്യാപാരം നടക്കും? ഇന്ത്യയിൽ നിന്ന് യുഎസിലേയ്ക്കുള്ള കയറ്റുമതിയാണ് ഇതിലൂടെ തടയപ്പെടുന്നത്. നേരിട്ടുള്ള ഒരു നിരോധനം സാധ്യമല്ലാത്തതു കൊണ്ടാണ് തീരുവയെ ആയുധമാക്കി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയാണ് ഇത് സഹിക്കേണ്ടത്. ഇനി എന്താണ്? വെനസ്വേലയ്ക്കു നേരെ ചെയ്‌തത് ട്രംപ് ഇന്ത്യയുടെ നേർക്കും ചെയ്യുമോ? നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ?' - ചവാൻ ചോദിച്ചു.
ചവാന്റെ പ്രസ്താവനയ്‌ക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇന്ത്യ പോലൊരു ആണവ ശക്‌തിയോട് യുഎസ് അങ്ങനെ ചെയ്യുമോയെന്ന് ചോദിക്കുന്നത് വിഡ്ഢിത്തരമാണെന്നാണ് പ്രധാന വിമർശനം. രാജ്യത്തെ ആകെ അപമാനിക്കുന്നതാണ് പൃഥ്വിരാജ് ചവാൻ പ്രസ്‌താവന എന്നാണ് ജമ്മു കശ്മീരിലെ റിട്ട. ഡിജിപി ശേഷ് പോൾ വൈദ് പ്രതികരിച്ചത്.
പ്രസ്താവനയെ ബിജെപിയും രൂക്ഷമായി വിമർശിച്ചു. 'കോൺഗ്രസ് ഇന്ത്യാവിരുദ്ധത വളർത്തുകയാണ്. ഇന്ത്യയെ വെനസ്വേലയുമായാണ് കോൺഗ്രസ് നേതാവ് താരതമ്യം ചെയ്തത്. രാഹുൽ ഗാന്ധി ഇന്ത്യയിൽ അരാജകത്വം ആഗ്രഹിക്കുന്നയാളാണ്. ഇന്ത്യയുടെ കാര്യങ്ങളിൽ വിദേശ ഇടപെടൽ ആഗ്രഹിക്കുന്നയാളാണ് രാഹുൽ ഗാന്ധി' - ബിജെപി ദേശീയ വക്‌താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു.
അതേസമയം മറ്റൊരു അഭിമുഖത്തിലും ചവാൻ സമാനമായ പരാമർശങ്ങൾ നടത്തി, വെനസ്വേലയിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാമെന്ന് പറഞ്ഞു. 'വെനസ്വേലയിൽ സംഭവിച്ചതെല്ലാം യുഎൻ ചാർട്ടറിന് വിരുദ്ധമാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയി. നാളെ മറ്റേതൊരു രാജ്യത്തിനും ഇത് സംഭവിക്കാമെന്നത് വളരെ ഗുരുതരമായ ആശങ്കയാണ്. നാളെ ഇന്ത്യയ്ക്കും ഇത് സംഭവിക്കാം'.
'വെനസ്വേല വിഷയത്തിൽ ഇന്ത്യ നിലപാട് സ്വീകരിച്ചിട്ടില്ല. റഷ്യയും ചൈനയും ഒരു നിലപാട് സ്വീകരിക്കുകയും അമേരിക്ക ചെയ്തതിനെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. യുക്രൈൻ യുദ്ധത്തിലും ഇന്ത്യ ഇത് തന്നെയാണ് ചെയ്തത്. ഇസ്രായേൽ- ഹമാസ് വിഷയത്തിലും ഒരു നിലപാടും സ്വീകരിച്ചില്ല, അപ്പോൾ അതിനർത്ഥം അമേരിക്കയെ വളരെയധികം ഭയപ്പെടുന്നു'- ചവാൻ കൂട്ടിച്ചേർത്തു.