ആയുധക്കടത്തും ലഹരിക്കടത്തുമടക്കം തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ യുഎസ് കോടതിയില്‍ നിഷേധിച്ച് വെനസ്വേലയുടെ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. വെനസ്വേലയുടെ പുതിയ പ്രസിഡന്റായി വൈസ് പ്രസിഡന്‍റ് ഡല്‍സി റോഡിഗ്രസ് ചുമതലേയറ്റു. മഡുറോയെ പിടികൂടിയ നടപടിയില്‍ യുഎസിനെതിരെ ഡെന്മാര്‍ക്കും മെക്സിക്കോയുമടക്കമുള്ള രാജ്യങ്ങള്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മാന്‍ഹാട്ടന്‍ കോടതിയില്‍ ജയില്‍വേഷത്തിലാണ് മഡുറോ ഹാജരായത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ച മഡുറോ താന്‍തന്നെയാണ് ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റെന്ന് കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് 17ലേക്ക് കേസ് മാറ്റിയതോടെ മഡുറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോര്‍ക്കിലെ ജയിലിലേക്ക് മാറ്റി. വെനസ്വേലയുടെ പുതിയ പ്രസിഡന്റായി വൈസ് പ്രസിഡന്‍റ് ഡല്‍സി റോഡിഗ്രസ് ചുമതലേയറ്റു. മഡുറോയെ മോചിപ്പിക്കണെമെന്ന് വെനസ്വേലന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
എന്നാല്‍ യുഎസ് അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഡല്‍സിയെ അംഗീകരിക്കില്ലെന്ന് മരിയോ മച്ചാഡോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വ്യക്തമാക്കി. വെനസ്വേലന്‍ പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ നടത്തിയ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ യുഎസ് ആണന്ന ആരോപണം വാഷിങ്ടണ്‍ നിഷേധിച്ചു. അതേസമയം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്ല അമേരിക്ക സഖ്യരാജ്യങ്ങളുടെയടക്കം രൂക്ഷവിമര്‍ശനമേറ്റുവാങ്ങി. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും വെനസ്വേലയുടെ എണ്ണനിക്ഷേപം ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം തുടങ്ങിക്കഴിഞ്ഞു.