കിട്ടുന്ന ശമ്പളം കൂടില്ല, എന്നാൽ ഇത്രയും നാൾ കയ്യില്‍ കിട്ടിയത് ഇനി കിട്ടുകയുമില്ല. പുതിയ തൊഴിൽ നിയമം വരുമ്പോൾ സാധാരണക്കാരെ ഏറ്റവും ബാധിക്കാൻ പോകുന്നത് ശമ്പളത്തെപ്പറ്റിയുള്ള പുതിയ നിർവചനമാണ്. ശമ്പളം കണക്കാക്കുന്നതിലെ പുതിയ രീതി ശമ്പളക്കാരുടെ കയ്യിലെത്തുന്ന തുകയിൽ വ്യത്യാസം വരുത്തും. കേന്ദ്രസര്‍ക്കാര്‍ ഈമാസം 21നാണ് പുതിയ ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തത്. 

പുതിയ നിയമപ്രകാരം, ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കോസ്റ്റ് ടു കമ്പനി (സിടിസി) യുടെ പകുതിയെങ്കിലും വരണം. പിഎഫ്, ഗ്രാറ്റുവിറ്റി അടക്കമുള്ള സാമൂഹിക സുരക്ഷ പദ്ധതികളുടെ വിഹിതം കണക്കാക്കുന്നത് വേതനം അടിസ്ഥാനമാക്കിയാണ്. ഇങ്ങനെ വരുമ്പോൾ നിലവിൽ അടിസ്ഥാന ശമ്പളം കുറച്ചും അലവൻ‌സുകൾ കൂട്ടിയും നൽകുന്ന രീതി പിന്തുടരുന്ന കമ്പനികൾ ഇനി മുതൽ അലവൻസുകളെ ശമ്പളത്തിന്‍റെ പരിധിയിലേക്ക് കൊണ്ടുവരും. അങ്ങനെ വരുമ്പോള്‍ കിഴിവുകളും വർധിക്കും. സിടിസിയിൽ മാറ്റമില്ലെങ്കിലും കയ്യിൽ കിട്ടുന്ന തുക കുറയുമെന്ന് ചുരുക്കം.

പുതിയ നിയമപ്രകാരം കമ്പനികൾക്ക് വേതനത്തിന്‍റെ ഭൂരിഭാഗവും അലവൻസുകളായി നൽകാൻ കഴിയില്ല. അലവൻസുകൾ 50 ശതമാനത്തിൽ കൂടുതലായാൽ ബാക്കി വരുന്ന തുക അടിസ്ഥാന ശമ്പളമായി കണക്കാക്കും. മാസത്തിൽ 40,000 രൂപ ശമ്പളം വാങ്ങുന്ന ഒരാളുടെ അടിസ്ഥാന ശമ്പളം 15,000 രൂപയും ബാക്കി ഭാഗം വിവിധ അലവൻസുകളുമാണെന്ന് കരുതുക. അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് പിഎഫ് വിഹിതം കണക്കാക്കുന്നത് എന്നതിനാൽ കിഴിവുകൾ കുറവായിരിക്കും. പുതിയ നിയമപ്രകാരം 20,000 രൂപ അടിസ്ഥാന ശമ്പളമായി കണക്കാക്കണം. ഇതോടെ പിഎഫ് വിഹിതം കൂടും. കയ്യിൽ കിട്ടുന്ന ശമ്പളത്തുക കുറയും.

അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലാണെങ്കിൽ ഈ മാറ്റം വലിയ ആഘാതമുണ്ടാക്കില്ല. ഇപിഎഫ്ഒ നിയമപ്രകാരം പിഎഫ് വിഹിതത്തിന്റെ പരിധി 15,000 രൂപയുടെ 12 ശതമാനം എന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന ശമ്പളം ഈ പരിധിയിലും കൂടുതലാണെങ്കിൽ പിഎഫ് വിഹിതം കണക്കാക്കുന്നത് 15,000 രൂപ അടിസ്ഥാനമാക്കിയാകും. ഈ വേതന പരിധിയില്‍  ഇവരുടെ പി.എഫ്. കിഴിവ് കൂടില്ല.

ഇനി 50,000 രൂപ മാസശമ്പളമുള്ള വ്യക്തിയുടെ നിലവിലെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെന്ന് കരുതുക. അങ്ങനെയെങ്കിൽ പിഎഫ് വിഹിതം 2,160 രൂപയാകും. പുതിയ നിയമപ്രകാരം 25,000 രൂപയാകും അടിസ്ഥാന ശമ്പളം. ഇതോടെ പിഎഫ് വിഹിതം 3,000 രൂപയായി ഉയരും.  കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ 840 രൂപയുടെ കുറവുണ്ടാകും. 

7 ലക്ഷം രൂപ സിടിസിയുള്ള വ്യക്തിക്ക് 2,80,000 രൂപ നേരത്തെ അടിസ്ഥാന ശമ്പളമുണ്ടായിരുന്നു. ഇത് 3,50,000 രൂപയാകും, ഇതിന്‍റെ 12 ശതമാനം പിഎഫ് വിഹിതമായി കുറയുമ്പോൾ 33,600 രൂപയാണ് നേരത്തെ നൽകേണ്ടത്. ഇനി 42,000 രൂപയാകും. 4.81 ശതമാനം ഗ്രാറ്റുവിറ്റിയും കുറയും. അങ്ങനെ ടേക് ഹോം സാലറി 6,52,932 എന്നത് 6,41,165 രൂപയായി കുറയും.

ENGLISH SUMMARY:

The new labour law, notified on November 21, 2025, mandates Basic Salary must be 50% of CTC. This change will increase PF and Gratuity contributions, leading to a reduction in an employee's take-home salary.