Untitled design - 1

TOPICS COVERED

രാജ്യത്തെ മുട്ട ഉത്പാദനത്തില്‍ മുന്‍നിരയിലുള്ള നാമക്കല്ലില്‍ ചരിത്രത്തിലാദ്യമായി മുട്ടവില 6 രൂപ കടന്നു. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമാണിത്. മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ (NECC) ചരിത്രത്തിലെ തന്നെ  ഏറ്റവുമുയര്‍ന്ന വിലയാണിത്. 

കഴിഞ്ഞ അഞ്ചുവർഷത്തെിനിടെ മുട്ടയ്ക്ക് ഇങ്ങനെയൊരു വില  ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യത. കേരളത്തില്‍ മുട്ടയുടെ ചില്ലറ വില്പനവില 7.50 രൂപയാണ്. നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപക്കാണ് മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപക്ക് വില്‍ക്കും. ഇത് സാധാരണ കടകളിലെത്തുമ്പോള്‍ 7.50 രൂപയാവും. 

കോഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബർ ഒന്നിന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടർന്ന്, ഓരോ ദിവസവും വില കൂടുകയായിരുന്നു. 15ന് 5.90 രൂപയായി. 17ന് ആറു രൂപയായി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി.  2021ൽ ഇതേസമയം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022ൽ 5.35, 2023ൽ 5.50, 2024ൽ 5.65 എന്നിങ്ങനെയായിരുന്നു വില. 

ആഭ്യന്തരവിപണിയില്‍ ആവശ്യക്കാരേറിയതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാന്‍ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദില്‍ 6.30 രൂപയും വിജയവാഡയില്‍ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. അതുക്കൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നാമക്കലില്‍നിന്ന് കൂടുതല്‍ മുട്ടവാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാനിടയാക്കിയത്. സാധാരണഗതിയില്‍ നവംബര്‍, ഡിസംബര്‍ മാസത്തില്‍ ഇറച്ചി, മുട്ട വില കുറയാറാണ് പതിവ്. എന്നാല്‍, ഡിസംബര്‍ ആവുന്നതോടെ കേക്ക് നിര്‍മാണം സജീവമാകും. ഇതോടെ വില ഇനിയും വര്‍ധിക്കും.

ENGLISH SUMMARY:

Egg price hike is significantly affecting consumers across South India, particularly in Kerala. The price surge is attributed to increased demand and a slight decrease in production, especially in Namakkal.