കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം നിശാഗന്ധിയില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. 1999 നവംബര്‍ 11നാണ് കിഫ്ബി സ്ഥാപിതമായതെങ്കിലും കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ മുഖ്യ നടത്തിപ്പുകാരായി കിഫ്ബി മാറിയത് 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമായിരുന്നു. പൊതുവിപണിയില്‍ നിന്നും വായ്പമാര്‍ഗം ധനസമാഹരണം നടത്തി കിഫ്ബി വഴി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായി തുടരുന്നതിനിടെയാണ് 25ാം വാര്‍ഷികം സര്‍ക്കാര്‍ വിപുലമായി ആഘോഷിക്കുന്നത്.