ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും സെബി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കുത്തനെ ഉയര്‍ന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍. അദാനി പവർ 12.4 ശതമാനം ഉയർന്ന് 2024 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. അദാനി ടോട്ടൽ ഗ്യാസ് 7.3 ശതമാനവും അദാനി എന്റർപ്രൈസസ് 5.1 ശതമാനവും അദാനി ഗ്രീൻ എനർജി 5.3 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. അദാനി എനർജി സൊല്യൂഷൻസ്, അദാനി പോർട്ട്സ്, എസിസി, അംബുജ സിമന്റ്സ് തുടങ്ങിയ ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളും നേട്ടമുണ്ടാക്കി. ഇതോടെ അദാനി സ്ഥാപനങ്ങളുടെ സംയോജിത വിപണിമൂല്യം  ഏകദേശം 66,000 കോടി രൂപ വർദ്ധിച്ച് ഗ്രൂപ്പിന്റെ മൂല്യം ഏകദേശം 13.96 ലക്ഷം കോടി രൂപയായി.

2023 ല്‍ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർന്നടിഞ്ഞിരുന്നു. ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയാണെന്നും ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണം. പിന്നാലെ ഏകദേശം 12.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തിയത്. 70 ശതമാനത്തോളം ഇടിവാണ് അദാനി ഗ്രൂപ്പിന് വിവിധ ഓഹരികളിലുണ്ടായത്. 150 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക നഷ്ടവും നേരിട്ടിരുന്നു. ഗൗതം അദാനിയുടെ ആസ്തിയിലും വൻ ഇടിവുണ്ടാകുകയും ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന നേട്ടം അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് സെബി അംഗം കമലേഷ് ചന്ദ്ര വര്‍ഷനെയ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത്. കമ്പനി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് സെബി വ്യക്തമാക്കിയത്. റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021 ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി ഉത്തരവില്‍ പറഞ്ഞു. സംശയാസ്പദമെന്ന് ഹിന്‍ഡന്‍ബര്‍ഗില്‍ പറയുന്ന വായ്പകള്‍ പലിശ സഹിതം തിരികെ അടച്ചിട്ടുണ്ടെന്നും ഒരു ഫണ്ടും വകമാറ്റിച്ചെലവഴിച്ചിട്ടില്ലെന്നും സെബി റഗുലേറ്റര്‍ കണ്ടെത്തി. 

അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച്, നിക്ഷേപകർക്ക് കടുത്ത വേദനയുണ്ടാക്കിയ ഹിൻഡൻബർഗ് രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും രംഗത്തെത്തിയിട്ടുണ്ട്. സുതാര്യതയും സത്യസന്ധതയുമാണ് അദാനി ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

Adani Group stocks rallied sharply after SEBI cleared Gautam Adani and his companies of Hindenburg Research’s fraud allegations. Adani Power jumped 12.4% to its highest level since August 2024, while Adani Total Gas rose 7.3%, Adani Enterprises 5.1%, and Adani Green Energy 5.3%. Other group firms like Adani Energy Solutions, Adani Ports, ACC, and Ambuja Cements also gained, adding nearly ₹66,000 crore to the group’s combined market value, which now stands at ₹13.96 lakh crore. Hindenburg’s 2023 accusations had previously wiped out ₹12.5 lakh crore in market value, causing a 70% crash in Adani shares and a $150 billion loss. However, SEBI’s investigation, led by member Kamlesh Chandra Varshneya, found no evidence of wrongdoing, noting that suspicious loans were repaid with interest and no funds were misused. Reacting to the verdict, Gautam Adani demanded that Hindenburg apologize to India for misleading investors, stressing that transparency and integrity guide the Adani Group.