വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണം ഈ മാസം 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രണ്ടും മൂന്നും നാലും ഘട്ടം നിര്‍മാണം ഒന്നിച്ചാണ് നടക്കുന്നത്. 2028 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍. 15000 കോടിയുടെ വികസനമാണ് അടുത്ത ഘട്ടങ്ങളില്‍ അദാനി ഗ്രൂപ്പ് വഴി വിഴിഞ്ഞത്ത് നടപ്പാക്കുന്നത്. നാലുഘട്ടങ്ങള്‍ വരെ ഒന്നിച്ചാകും നിര്‍മാണം നടക്കുകയെന്നും തുറമുഖം അധികൃതര്‍ അറിയിച്ചു. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ബെര്‍ത്തുകളുടെ നീളം കൂടും. ഒരേസമയം നാലു കപ്പലുകള്‍ നങ്കൂരമിടാനും കഴിയും. ഇതോടെ ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് അടുക്കും.
രാജ്യത്ത് ഏറ്റവും വേഗം 10 ലക്ഷം ടിഇയു ചരക്കുകളാണ് ഒരു വര്‍ഷം കൊണ്ട് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ഡിസംബര്‍ അഞ്ചുവരെയുള്ള കണക്ക് പ്രകാരം വിഴിഞ്ഞത്ത് 615 ചരക്കുകപ്പലുകൾ എത്തി. 399 മീറ്ററിലധികം നീളമുള്ള 41 അൾട്രാ ലാർജ് കണ്ടെയ്നർ വെസൽ (യുഎൽസിവി) അടക്കമുള്ള വമ്പൻ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്.
300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലും 16 മീറ്ററിൽ കൂടുതൽ ആഴമുള്ള 45 കപ്പലുകളും ഇതിൽപെടുന്നു. 17.1 മീറ്റർ ആഴമുള്ള എംഎസ്‍സി വെറോണ എത്തിയതോടെ ദക്ഷിണേന്ത്യയിൽ കൈകാര്യം ചെയ്തതിൽ ഏറ്റവും ആഴമുള്ള കപ്പൽ എത്തിയെന്ന റെക്കോർഡും വിഴിഞ്ഞത്തിനു സ്വന്തമാക്കാനായി. ഇതിനിടയിൽ ഇമിഗ്രേഷൻ ചെക് പോസ്റ്റ് അനുമതിയും ലഭിച്ചു. ഗേറ്റ് വേ ചരക്ക് നീക്കം കൂടിയാകുന്നതോടെ വിഴിഞ്ഞത്തിന്‍റെ പ്രാധാന്യം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.