gautam-adani

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും ക്ലീന്‍ ചിറ്റ് നല്‍കി സെബി. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് സെബി അംഗം കമലേഷ് ചന്ദ്ര വര്‍ഷനെയ ഉത്തരവ് പുറപ്പെടുവിച്ചത്. ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയാണെന്നും ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണം. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ സെബി, കമ്പനി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021 ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി ഉത്തരവില്‍ പറയുന്നു. 

സംശയാസ്പദമെന്ന് ഹിന്‍ഡന്‍ബര്‍ഗില്‍ പറയുന്ന വായ്പകള്‍ പലിശ സഹിതം തിരികെ അടച്ചിട്ടുണ്ടെന്നും ഒരു ഫണ്ടും വകമാറ്റിച്ചെലവഴിച്ചിട്ടില്ലെന്നും സെബി റഗുലേറ്റര്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ തട്ടിപ്പോ, അധാര്‍മികമായ വ്യാപരമോ നടന്നിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ അദാനി ഗ്രൂപ്പിനെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിക്കും.

2021 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വന്‍ ക്രമക്കേട് നടത്തിയെന്നും ഓഹരി പെരുപ്പിച്ച് കാട്ടി  വന്‍ ലാഭം കൊയ്തുവെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനായി  അഡികോര്‍പ് എന്‍റര്‍പ്രൈസസ്, മൈല്‍സ്റ്റോണ്‍ ട്രേഡ് ലിങ്ക്സ്, റെഹ്​വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളെ ഉപയോഗിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതുവഴി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

2023 ഓഹരികളില്‍ കൃത്രിമം കാട്ടിയെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും ഓഹരിവില പെരുപ്പിച്ച് കാട്ടിയെന്നും ഹിന്‍ഡന്‍ബര്‍ഗ് കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ത്തി. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് അദാനിയുടെ സമ്പത്തില്‍ 100 ബില്യണ്‍ ഡോളറിന്‍റെ വര്‍ധനയുണ്ടായെന്നും ഇതെല്ലാം നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് സമ്പാദിച്ചതാണെന്നും റിപ്പോര്‍ട്ട് ആരോപിച്ചിരുന്നു. ക്രമക്കേടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 70 ശതമാനത്തോളം ഇടിവാണ് അദാനി ഗ്രൂപ്പിന് വിവിധ ഓഹരികളിലുണ്ടായത്. 150 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക നഷ്ടവും നേരിട്ടു. 

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാമെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍  ഹിന്‍ഡന്‍ബര്‍ഗിനും അദാനി ഗ്രൂപ്പിനുമെതിരെ സെബി അന്വേഷണവും ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി 2024 ജൂണില്‍ സെബി ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനമെന്തെന്നും ഹിന്‍ഡന്‍ബര്‍ഗിന്‍റെ ഷോര്‍ട് സെല്ലിങ് ആക്ടിവിറ്റി വിശദീകരിക്കണമെന്നും നോട്ടിസിലുണ്ടായിരുന്നു. പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവരങ്ങളിന്‍മേല്‍ വിശദമായതും ആഴമേറിയതുമായ  പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഹിന്‍ഡന്‍ബര്‍ഗിന്‍റെ ഷോര്‍ട് സെല്ലിങ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണെന്നുമായിരുന്നു കമ്പനിയുടെ മറുപടി. 

ENGLISH SUMMARY:

Adani Group receives clean chit from SEBI regarding Hindenburg allegations. The investigation found no evidence of stock manipulation or financial irregularities, leading to the conclusion that Adani Group did not violate any regulations.