നേരിയ നേട്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ വ്യാപാരം. ഫെഡറല്‍ റിസര്‍വിന്‍റെ പലിശ കുറയ്ക്കല്‍ തീരുമാനം കാര്യമായി ഇന്ത്യന്‍ വിപണിയില്‍ ഏശിയില്ല. അതിനിടയില്‍ നേട്ടമുണ്ടാക്കിയ ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്. വ്യാഴാഴ്ച വ്യാപാരത്തിനിടെ രണ്ട് ശതമാനമാണ് ഓഹരി വിലയിലുണ്ടായ മുന്നേറ്റം. ഓഹരി 1940 രൂപ വരെ മുന്നേറി.
പൊതുമേഖലാ കമ്പനിയായ ഒഎന്‍ജിസിയില്‍ നിന്നും ലഭിച്ച കരാറാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് കരുത്തായത്. കമ്പനിയുടെ ജാക്ക് ഓപ്പ് റിഗ്ഗിന്‍റെ അറ്റകുറ്റപണികള്‍ക്കായുള്ള 200 കോടിയുടെ കരാറാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നേടിയത്. 12 മാസത്തിനുള്ളില്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിങില്‍ വ്യക്തമാക്കി.
സമീപകാലത്ത് മികച്ച റിട്ടേണ്‍ നല്‍കിയ ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്. ആറു മാസത്തിനിടെ 44% നേട്ടമാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഉണ്ടാക്കിയത്. ഒരു വര്‍ഷത്തിനിടെ 12 ശതമാനം നേട്ടമാണ് ഓഹരിയുണ്ടാക്കിയത്. അഞ്ചു വര്‍ഷത്തിനിടെ 1023% മുന്നേറി ഓഹരി മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയിരുന്നു.
2025 ജൂൺ പാദത്തിൽ, കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ ഇതേ പാദത്തിലെ 174 കോടി രൂപയില്‍ നിന്നും 7.9% വർധിച്ച് 187.8 കോടി രൂപയായി. വരുമാനം 38.5% വര്‍ധിച്ച് 1,068 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 771.5 കോടി രൂപയായിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)