• മലയാളി നിക്ഷേപരുടെ എണ്ണത്തില്‍ വര്‍ധന
  • മ്യൂച്വൽ ഫണ്ട് നിക്ഷേപ മൂല്യം 93,000 കോടി കടന്നു
  • സ്വർണ ഇടിഎഫിൽ 339.57 കോടി രൂപയുടെ നിക്ഷേപം

പരമ്പരാഗത രീതിയിൽ നിന്നും മാറി ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകളിലേക്ക് മലയാളിയുടെ പണമൊഴുക്ക്. കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലും മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. നിലവിൽ 28.85 ലക്ഷം  മലയാളി നിക്ഷേപകരുള്ളത്. മലയാളികളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ മൂല്യം 93,000 കോടി കടന്നു. ഇക്വറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്ന മലയാളികള്‍ സ്വർണ വില കൂടുന്ന സമയത്ത് ഇടിഎഫ് വഴി നേട്ടമുണ്ടാക്കുന്നതായും ഡാറ്റ കാണിക്കുന്നു.

മ്യൂച്വൽ ഫണ്ടിൽ മുന്നേറ്റം

മ്യൂച്വല്‍ ഫണ്ടിൽ മലയാളി നിക്ഷേപം മുന്നോട്ട് കുതിക്കുകയാണ്. ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 93,672.97 കോടി രൂപയിലെത്തി. മലയാളികളുടെ ഏറ്റവും വലിയ നിക്ഷേപം ഇക്വിറ്റി ഫണ്ടിലാണ്. 70677.86 കോടി രൂപ.

ബാലന്‍സ്ഡ് സ്‌കീമുകളില്‍ 7,430 കോടി രൂപയും ഡെബ്റ്റ് ഫണ്ടില്‍ 8,378 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ലിക്വിഡ് സ്‌കീമിൽ 5,142 കോടി രൂപയുണ്ട്. സ്വർണ ഇടിഎഫിൽ 339.57 കോടി രൂപയുടെ നിക്ഷേപവും മലയാളികള്‍  നടത്തി. 

ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

സ്വർണം വിടാതെ മലയാളി

ജനുവരി മുതല്‍ കേരളത്തില്‍ നിന്നുള്ള ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം

മലയാളികളുടെ ഇക്വിറ്റി നിക്ഷേപത്തിലടക്കം കഴിഞ്ഞ മാസങ്ങളിൽ കുറവ് വന്നിട്ടുണ്ടെങ്കിലും സ്വർണം തിളങ്ങുകയാണ്. തുടർച്ചയായ മാസങ്ങളിൽ ഇടിഎഫ് വഴിയുള്ള മലയാളിയുടെ സ്വർണ നിക്ഷേപം വർധിച്ചു. മേയ് മാസത്തിലെ പുതിയ കണക്കുപ്രകാരം 339.57 കോടി രൂപയാണ് ഗോള്‍ഡ് ഇടിഎഫിലെ ആകെ നിക്ഷേപം. 2024 ഡിസംബറിൽ 241 കോടി രൂപയുടെ സ്വര്‍ണ ഇടിഎഫ് നിക്ഷേപം നടത്തിയ മലയാളികളാണ് അഞ്ചു മാസം കൊണ്ട് 100 കോടി രൂപയ്ക്കടുത്ത് രൂപ സ്വർണത്തിൽ നിക്ഷേപിച്ചത്. 2024 ജനുവരിയിലെ കണക്കുപ്രകാരം 137 കോടിയുടെ ഇടിഎഫ് നിക്ഷേപമാണ്. 2025 ജനുവരിയിൽ 253.11 കോടി രൂപയായിരുന്നു ഇടിഎഫ് നിക്ഷേപം. 

സ്വർണ വില നേട്ടമാക്കി

രാജ്യാന്തര തലത്തിൽ കുതിക്കുന്ന സ്വർണ വിലയുടെ നേട്ടം മലയാളികള്‍ ഇടിഎഫ് വഴി സ്വന്തമാക്കി എന്നു കാണാം. സ്വർണത്തെ നിക്ഷേപമായി പരിഗണിച്ച് ഓരോ സമയത്തും നിക്ഷേപം വർധിപ്പിച്ചു. 2025 ൽ ഇതുവരെ 30 ശതമാനത്തിലധികം റിട്ടേൺ സ്വർണം നൽകിയിട്ടുണ്ട്. അതേസമയം, നിഫ്റ്റി 50 സൂചിക ഏകദേശം 4.65 ശതമാനവും സെൻസെക്സ് 3.75 ശതമാനവുമാണ് നൽകിയ റിട്ടേൺ. മുൻനിര ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ളവ 2025 ൽ ഇതുവരെ 14 ശതമാനത്തിലധികമാണ് നൽകിയ റിട്ടേൺ. രാജ്യാന്തര സംഘർഷങ്ങള്‍, യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ താരിഫ് നയങ്ങള്‍ എന്നിവയ്ക്കിടയിൽ നിക്ഷേപകർ പോർട്ട്ഫോളിയോ ബാലൻസിങിനും നേട്ടമുണ്ടാക്കാനും സ്വർണം ഉപയോഗിച്ചു എന്ന് ഇതിലൂടെ മനസിലാക്കാം.  

ഇക്വിറ്റിയിൽ ഇങ്ങനെ

കൂടുതൽ റിട്ടേൺ പ്രതീക്ഷിക്കുന്ന ഇക്വിറ്റിയാലാണ് മലയാളികളുടെ നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും. ആകെ നിക്ഷേപത്തിന്‍റെ 75 ശതമാനത്തോളം പോകുന്നതും ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിലേക്ക്. മേയ് മാസത്തിൽ 67,608 കോടി രൂപയുടെ നിക്ഷേപത്തിലെത്തിയെങ്കിലും മാർച്ച്, ഫെബ്രുവരി മാസങ്ങളിൽ വലിയ കുറവ് വന്നിരുന്നു. 

2024 ജനുവരിയിൽ 45,696 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം. ഏപ്രിലിലിൽ 50,000 കോടി ഭേദിച്ചു. 2024 ഡിസംബറിൽ 63742.03 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപമാണ് കേരളത്തിൽ നിന്നുള്ളത്. 2025 ജനുവരിയിൽ 64,400 കോട രൂപയിലേക്ക് എത്തിയെങ്കിലും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിൽപ്പന കണ്ടു.

ENGLISH SUMMARY:

Malayali investment trends show a significant shift towards the stock market and mutual funds, with over 28 lakh investors and Rs 93,000 crore invested. Despite this, Malayalis are also strategically investing in gold ETFs, benefiting from high prices and using it for portfolio balancing.