.

തീരുവ കുറയ്ക്കാനുള്ള അമേരിക്കൻ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യ- യുഎസ്  വ്യാപാര കരാറിൽ സസ്പെൻസ് തുടരുന്നു. പല മേഖലയിലും ഭിന്നതയുള്ളതിനാൽ പരിമിത വ്യാപാര കരാറിനാണ് സാധ്യത. ധാരണയായില്ലെങ്കിൽ നാളെ മുതൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യു.എസ്. 26 ശതമാനം നികുതി ഏര്‍പ്പെടുത്തും.

കാർഷിക വിളകൾ, പാൽ ഉൽപന്നങ്ങൾ, ടെക്സ്റ്റൈൽസ്, ലെതർ തുടങ്ങി ഏതാനും ഇനങ്ങളുടെ കയറ്റിറക്കുമതി തീരുവ യിലാണ് ഇന്ത്യയും യു. എസും തമ്മിൽ ഭിന്നത നിലനിൽക്കുന്നത്. സമവായത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ തർക്ക വിഷയങ്ങൾ മാറ്റിനിർത്തി മറ്റു ഉൽപന്നങ്ങൾക്കായി പരിമിത വ്യാപാര കരാർ ഒപ്പുവയ്ക്കാനാണ് ഇരു രാജ്യങ്ങളും ആലോചിക്കുന്നത്. ഭിന്നതയുള്ളവയിൽ വിശദ ചർച്ച നടത്തി പിന്നീട് സമ്പൂർണ വ്യാപാര കരാർ ഒപ്പുവയ്ക്കും. Also Read: ഡോണള്‍ഡ് 'ജോസ്പ്രകാശ്' ട്രംപും അല്‍കട്രാസിലെ ചീങ്കണ്ണിക്കുഞ്ഞുങ്ങളും

ഇതിന് യു.എസ്. തയാറാവുമോ എന്ന് കണ്ടറിയണം. ധാരണയായില്ലെങ്കിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 26 ശതമാനം നികുതി നൽകേണ്ടിവരും. ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അധിക നികുതി കൂടിയാവുമ്പോൾ ആകെ നികുതി 36 ശതമാനമാവും. അത്തരമൊരു സാഹചര്യം വന്നാൽ തിരിച്ചടി തീരുവ ചുമത്താൻ ഇന്ത്യ നിർബന്ധിതമാവുകയും അത് വ്യപാര യുദ്ധത്തിലേക്ക് നീ തുകയും ചെയ്യും. അത് ഇരു രാജ്യങ്ങളെയും സാരമായി ബാധിക്കും. കഴിഞ്ഞ വർഷം 41.8 ബില്യൻ ഡോളറിന്റെ കയറ്റുമതിയാണ് യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടായത്. ഇന്ത്യയിൽ നിന്ന് 87.4 ബില്യൻ ഡോളറിന്റെ ഇറക്കുമതി യുഎസ് നടത്തി.

അതേസമയം, ഇന്ത്യ– പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് താനെന്ന അവകാശവാദം തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അവസാനിപ്പിച്ച യുദ്ധങ്ങളില്‍ ഏറ്റവും വലുത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതാണ്. വ്യാപാരബന്ധം ഉയര്‍ത്തിക്കാട്ടിയാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചത്. യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും ട്രംപ് പറഞ്ഞു. ഡോണള്‍ഡ് ട്രംപിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.

ENGLISH SUMMARY:

As the US nears its tariff deadline, suspense continues over the India-US trade agreement amid sectoral differences. Trump reiterates his role in ending the India–Pakistan conflict, linking it to trade pressure. A limited trade deal seems likely, but risks of a tariff war loom large.