യു.എസ് ട്രേ‍ഡിങ് കമ്പനിയായ ജെയിന്‍ സ്ട്രീറ്റിനെ വിലക്കിയ സെബി നടപടികള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുക്കലും ഇന്ത്യ–യുഎസ് വ്യാപാര കരാറും സംബന്ധിച്ച അനിശ്ചിതത്വവും കാരണം നേരിയ നഷ്ടത്തോടെയാണ് ഈ ആഴ്ചയിലെ ക്ലോസിങ്. രണ്ടാഴ്ചയായി നേട്ടം തുടരുന്ന നിഫ്റ്റിയും സെന്‍സെക്സും കഴിഞ്ഞാഴ്ച 0.70 ശതമാനം വീതം ഇടിഞ്ഞു. 

വെള്ളിയാഴ്ച നിഫ്റ്റി 25,461 ലും സെന്‍സെക്സ് 83,432 ലുമാണ് ക്ലോസ് ചെയ്തത്. നിലവില്‍ വിപണിയുടെ ട്രെന്‍ഡ് പോസ്റ്റീവായി തുടരുകയാണെന്നാണ് വിശകലന വിദഗ്ധരുടെ അനുമാനം. ഇന്ത്യ– യുഎസ് വ്യാപാര കരാറും കമ്പനികളുടെ ഒന്നാം പാദഫലങ്ങളും യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ മിനിറ്റ്സും അടക്കമുള്ള കാര്യങ്ങള്‍ ഹ്രസ്വകാലത്തേക്ക് വിപണിയുടെ പോക്ക് നിശ്ചയിക്കും.  

Also Read: 100 ഓഹരികള്‍ 1800 ആകും; ഓഹരി വിഭജനവും ബോണസ് ഓഹരിയും ഒന്നിച്ച്

ഇന്ത്യ–യുഎസ് വ്യാപാര കരാര്‍ 

നീണ്ട ചർച്ചകൾക്കിടയിലും, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിന് എപ്പോൾ അന്തിമരൂപമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ജൂലൈ ഒന്‍പതിന്‍റെ സമയപരിധി ഈ ആഴ്‌ച അവസാനിക്കാനിരിക്കെ കരാറില്‍ എന്ത് സംഭവിക്കും എന്നതില്‍ നിക്ഷേപകര്‍ക്ക് ഉല്‍കണ്ഠയുണ്ട്. കരാര്‍ സംബന്ധിച്ച തീരുമാനം ഐടി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോ ഘടകങ്ങൾ തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകൾക്ക് സുപ്രധാനമാണ്. എന്നാല്‍ വിഷയം തുടര്‍ച്ചയായ അനിശ്ചിതത്വത്തില്‍ നീങ്ങുന്നത് വിപണിയെ ഹ്രസ്വകാലത്തേക്ക് പ്രതികൂലമായി ബാധിക്കും.

പാദഫലങ്ങള്‍ 

2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദഫലങ്ങള്‍  ഈ ആഴ്ചയില്‍ വിപണിയിലെ ചലനത്തെ സ്വാധീനിക്കും. ഐടി കമ്പനികളായ ടിസിഎസ്, ടാറ്റ എൽക്സി എന്നിവയുടെ പാദഫലം ജൂലൈ പത്തിന് പുറത്ത് വരും. ജൂലൈ 11 ന് ഡിമാര്‍ട്ടിന്റെ പാദഫലവും പുറത്തുവരും. ഇതിനൊപ്പം കമ്പനികളുടെ വളർച്ചാ മാർഗനിർദേശവും മാനേജ്‌മെന്‍റ് കമന്‍ററിയും വിപണിയുടെ പോക്ക് നിശ്ചയിക്കും. 

Also Read: സ്വര്‍ണ വില കുറയും? വലിയ സൂചന നല്‍കി റിസര്‍വ് ബാങ്ക്; സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തി

വിദേശ നിക്ഷേപകര്‍ 

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളിലെ അനിശ്ചിതത്വം, ഉയര്‍ന്ന വാല്യുവേഷന്‍, പുതിയ പോസിറ്റീവ് ഘടകങ്ങളുടെ അഭാവം എന്നിവയ്ക്കിടയിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. ജൂലൈയില്‍ ഇതുവരെ 5,773 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ഇടപാട് പൂര്‍ത്തിയാകുന്നത് വിപണിക്കും വിദേശ നിക്ഷേപകരുടെ  ഒഴുക്കിനും അനുകൂലമായിരിക്കും. കൂടാതെ പാദഫലങ്ങളില്‍ കമ്പനികളുടെ പ്രകടനം മികച്ചതാണെങ്കിലും വിദേശ നിക്ഷേപം അനുകൂലമാകും. 

യുഎസിലെ തീരുമാനം

ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ ജൂണ്‍ 17-18 യോഗത്തിന്‍റെ മിനുറ്റ്സ് ഈ ആഴ്ച പുറത്തുവരും. പണപ്പെരുപ്പം, വളര്‍ച്ച, പലിശ നിരക്ക് എന്നിവ സംബന്ധിച്ച് ഫെഡ് ഉദ്യോഗസ്ഥരുടെ വീക്ഷമം എന്തെന്നത് ഇതില്‍ നിന്നും വ്യക്തമാകും. ഇത് രാജ്യാന്തര വിപണികളെയും ഇന്ത്യന്‍ വിപണികളെയും ബാധിക്കും. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Analysts anticipate a continued positive trend in the Indian market. Short-term market direction will be determined by factors such as the India-US trade deal, companies' first-quarter results, and the minutes from the US Federal Open Market Committee (FOMC).