മനോരമ ക്വിക്ക് കേരള സംഘടിപ്പിക്കുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി. രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്ന് വിവിധ യന്ത്രങ്ങൾ നിർമ്മിക്കുന്ന കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. 32 കാറ്റഗറികളിലായി 250 സ്റ്റാളുകളാണ് എക്സ്പോയുടെ ഭാഗമായുള്ളത്.
അത്യാധുനിക യന്ത്രങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ.സംരംഭകർക്ക് ആവശ്യമായതെല്ലാം വൻപിച്ച ഓഫറിൽ ഇവിടെ നിന്ന് വാങ്ങാം. വിവിധ തരത്തിലുള്ള ഡിസൈനുകൾ ഈസിയായി ചെയ്യാനാകുന്ന തയ്യൽ ഉപകരണങ്ങൾ, ഇലക്ട്രിക്ക് ചിരവ, മസാജറുകൾ, ഞൊടിയിടയിൽ കൊപ്ര ഉണക്കുന്ന യന്ത്രങ്ങൾ, ഓട്ടോമാറ്റിക് പാക്കേജിങ് ഉപകരണങ്ങൾ, അച്ചപ്പം മേക്കിങ്ങ് മെഷീനുകൾ തുടങ്ങിയവയും പ്രദർശനത്തിനുണ്ട്.
നിമിഷ നേരം കൊണ്ട് തയ്യാറാക്കാനാകുന്ന ഇൻസ്റ്റന്റ് ചപ്പാത്തി മേക്കറും ബേക്കറി പലഹാരങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ സഹായിക്കുന്ന വിവിധ തരം അവനുകൾ മുതലായവയാണ് മേളയുടെ മറ്റൊരു പ്രധാന ആകർഷണം. കലൂർ സ്റ്റേഡിയത്തിൽ ഞായറാഴ്ച വരെയാണ് മേള.