വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വ്യാപാര ദിനം മിന്നിച്ച് ഓഹരി വിപണി. സെന്‍സെക്സ് 2376 പോയിന്‍റ് ഉയര്‍ന്ന് 81830 ലും നിഫ്റ്റി 705 പോയിന്‍റ് നേട്ടത്തോടെ 24713 ലും എത്തി. സെന്‍സെക്സിലും നിഫ്റ്റിയിലും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും സണ്‍ ഫാര്‍മയും ഒഴികെ ബാക്കി ഓഹരികളെല്ലാം നേട്ടത്തിലാണ്.
അദാനി എന്‍റര്‍പ്രൈസ് 6.61 ശതമാനം ഉയര്‍ന്നു. ശ്രീറാം ഫിനാന്‍സ്, ജിയോ ഫിനാന്‍സ്, ട്രെന്‍ഡ്സ്, അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക് എന്നിവ നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. സെന്‍സെക്സില്‍ അദാനി പോര്‍ട്ട്, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, സൊമാറ്റോ എന്നിവയാണ് നേട്ടത്തില്‍ മുന്നിലുള്ള ഓഹരികള്‍.
സെക്ടര്‍ സൂചികകളെല്ലാം നേട്ടത്തിലാണ് നിഫ്റ്റി റിയലിറ്റി 4.75 ശതമാനം ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി, എനര്‍ജി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഐടി, മീഡിയ, മെറ്റല്‍, പ്രൈവറ്റ് ബാങ്ക് എന്നിവ മൂന്ന് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 427.49 ലക്ഷം കോടി രൂപയായി. ഒറ്റദിവസം കൊണ്ട് നിക്ഷേപ സമ്പത്തിലുണ്ടായ വര്‍ധനവ് 11.10 ലക്ഷം കോടി രൂപയാണ്.
ഇന്ത്യ– പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്കൊപ്പം പല കാരണങ്ങള്‍ ഇന്നത്തെ നേട്ടത്തിന് ഊര്‍ജമാകുന്നുണ്ട്. സംഘര്‍ഷങ്ങള്‍ക്കിടയിലും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങുന്നത് തുടരുകയാണ്. ഇതിനൊപ്പം യുഎസ്– ചൈന വ്യാപാര കരാറിലേക്ക് കൂടുതല്‍ അടുക്കുന്നതും ഇന്ത്യ– യുകെ വ്യാപാര കരാറും അടക്കം നേട്ടത്തിന് കാരണമാണ്. ഇന്ത്യ–പാക്ക് സംഘര്‍ഷത്തിനൊപ്പം റഷ്യ–യുക്രൈന്‍ യുദ്ധം അയയുന്നതും വിപണിക്ക് അനുകൂലമായി. ഇതിന്‍റെ ചുവടുപിടിച്ച് വിദേശ വിപണികള്‍ നേട്ടത്തിലാണ്.
വെടിനിര്‍ത്തലിന് പിന്നാലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലും നേട്ടമുണ്ട്. കെഎസ്ഇ 100 സൂചിക ഒന്‍പത് ശതമാനം ( 9,928 പോയിന്‍റ്) ഉയര്‍ന്നതോടെ കറാച്ചി എക്സ്ചേഞ്ചില്‍ ഒരു മണിക്കൂര്‍ വ്യാപാരം നിര്‍ത്തിവെച്ചു. സൂചിക 1,16,650 ലെത്തി. ഇന്ത്യയുമായുള്ള വെടിനിര്‍ത്തലും പാക്കിസ്ഥാന് രാജ്യാന്തര നാണ്യ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതുമാണ് പാക്കിസ്ഥാന്‍ വിപണിയില്‍ നേട്ടമായത്. ഇന്ത്യ–പാക്ക് സംഘര്‍ഷത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഓഹരി വിപണി വലിയ ഇടിവ് നേരിട്ടിരുന്നു. മേയ് എട്ടിന് സൂചിക എട്ട് ശതമാനം ഇടിഞ്ഞ നേരത്തും കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നിര്‍ത്തിയിരുന്നു.