9 മാസത്തെ ട്രയൽ റണ്ണിൽ നേട്ടങ്ങൾക്കുമേൽ നങ്കൂരമിട്ടാണ് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കപ്പെടുന്നത്. 2024 ജൂലൈ 12 നായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ പരീക്ഷണ പ്രവർത്തനത്തിന്റെ തുടക്കം. അതിന് രണ്ട് ദിവസം മുമ്പ് ആദ്യമായി ഒരു മദർഷിപ്പ് വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ സാൻ ഫെർണാണ്ടോ ആയിരുന്നു ആ കപ്പൽ. അതിനുശേഷം വിഴിഞ്ഞത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ട്രയൽ റൺ കാലത്ത് എത്തിയത് 286 കപ്പലുകൾ
9 മാസത്തെ ട്രയൽ റൺ കാലത്ത് വിഴിഞ്ഞത്ത് എത്തിയത് 286 കപ്പലുകൾ. അവയിൽ പലതും ലോകത്തെ ഏറ്റവും വലിയ കപ്പലുകൾ. രാജ്യത്തെ ഒരു തുറമുഖത്ത് ഇത്തരം കപ്പലുകൾ എത്തുന്നത് ആദ്യമായിട്ടായിരുന്നു. 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള എം.എസ്.സി തുർക്കിയ ഏപ്രിൽ 25ന് വീഴിഞ്ഞം തീരമണിഞ്ഞ് ചരിത്രം കുറിച്ചു. നാല് ഫുട്ബോൾ കോർട്ടിന്റെ നീളമാണ് എം.എസ്.സി തുർക്കിയക്കുള്ളത്. ഇരുപത്തി നാലായിരത്തോളം TEU കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ഈ ഭീമനെ പുഷ്പം പോലെയാണ് വിഴിഞ്ഞം വരവേറ്റത്. എം.എസ്.സി ഐറീന, എം.എസ്.സി ക്ലോഡിയ ഗിറാഡറ്റ് തുടങ്ങിയ ഭീമൻമാരും വിഴിഞ്ഞത്ത് എത്തി.
കണ്ടെയ്നർ കൈമാറ്റത്തിൽ റെക്കോർഡ്
ട്രയൽ റൺ കാലത്ത് മാത്രം 6 ലക്ഷത്തിൽ അധികം കണ്ടെയ്നറുകൾ വിഴിഞ്ഞം സെമി ഓട്ടോമാറ്റിക് ക്രെയ്നുകൾ ഉപയോഗിച്ച് കൈകാര്യം ചെയ്തു. മാസം ശരാശരി അറുപത്തി അയ്യായിരം കണ്ടെയ്നറുകൾ. മാർച്ചിൽ 51 കപ്പലുകൾ ആണ് വിഴിഞ്ഞത്ത് എത്തിയത്. ആ മാസം ഒരു ലക്ഷത്തിലേറെ കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ഫെബ്രുവരിയിൽ 40 കപ്പലുകൾ വന്നപ്പോൾ 78, 833 കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. ദക്ഷിണേന്ത്യയിലെ 15 തുറമുഖങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത റെക്കോർഡ് ഈ മാസങ്ങളിൽ വിഴിഞ്ഞം നേടി. വർഷം പത്ത് ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ആണ് നിലവിൽ വിഴിഞ്ഞത്തിന് ഉള്ളത്. രണ്ടും മൂന്നും ഘട്ടം പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ബെർത്ത് നീളം 2000 മീറ്റർ ആകും. കണ്ടെയ്നർ ശേഷി വർഷം മുപ്പത് ലക്ഷത്തിന് മുകളിൽ എത്തും. അതോടെ ദക്ഷിണേഷ്യയിലെ പ്രധാന ഷിപ്പിങ് ഹബായി വിഴിഞ്ഞം മാറും.
വിഴിഞ്ഞം: ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണി
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. ദക്ഷിണ കൊറിയയിൽ നിന്നും തുടങ്ങി ചൈന വഴി തെക്ക് - കിഴക്കേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് വരെയുള്ള MSC യുടെ പ്രധാന കപ്പൽ റൂട്ട് ആണ് JADE. വിഴിഞ്ഞം തുറമുഖവും ഇതിൽ കണ്ണുചേർന്നിരിക്കുകയാണ്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാന രാജ്യാന്തര കപ്പൽ റൂട്ടിൻറെ ഭാഗമായി വിഴിഞ്ഞം. ഇന്ത്യയെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വിഴിഞ്ഞം മാറി.