ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒരു വര്‍ഷം തുടര്‍ന്നാല്‍ എയർ ഇന്ത്യയ്ക്ക് മാത്രം ഏകദേശം 600 മില്യൺ ഡോളർ (5062 കോടി രൂപ) നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ത്തന്നെ ഉയർന്ന ഇന്ധനച്ചെലവും യാത്രാസമയത്തിലെ ദൈർഘ്യവും ഇന്ത്യൻ വിമാനക്കമ്പനികളെ ബാധിച്ചിട്ടുണ്ട്.
ഈ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എയര്‍ഇന്ത്യ സർക്കാരിനെ സമീപിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് വ്യോമപാത വിലക്കിന്‍റെ ഫലമായുണ്ടായ സാമ്പത്തിക ആഘാതത്തിന് പരിഹാരമായി ‘സബ്സിഡി മോഡലാണ്’ എയര്‍ ഇന്ത്യ ആവശ്യപ്പെടുന്നത്. നിരോധനം നിലനിൽക്കുന്ന ഓരോ വർഷവും 591 മില്യൺ ഡോളർ (5000 കോടി രൂപ) നഷ്ടം കണക്കാക്കുന്നുവെന്ന് വ്യോമയാന മന്ത്രാലയത്തിന് എയർലൈൻ അയച്ച കത്തിൽ പറയുന്നു. സബ്സിഡി ന്യായമായ ഓപ്ഷനാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ ഇത് റദ്ദാക്കാമെന്നും എയര്‍ ഇന്ത്യ സര്‍ക്കാറിനെ അറിയിച്ചു.
കത്തിനെക്കുറിച്ചുള്ള റോയിട്ടേഴ്സിന്‍റെ ചോദ്യങ്ങളോട് എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല. എങ്കിലും വ്യോമാതിർത്തി വിലക്ക് ഇന്ത്യൻ വിമാനക്കമ്പനികളിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താൻ ഉന്നതഉദ്യോഗസ്ഥര്‍ക്ക് സർക്കാർ നിർദേശം നൽകിയതിനെത്തടർന്നാണ് എയർ ഇന്ത്യ കത്തയച്ചതെന്നാണ് വിവരം. എയര്‍ ഇന്ത്യയുടെ കത്തിന് ഇന്ത്യയുടെ മന്ത്രാലയം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
മറ്റ് എയര്‍ലൈനുകളേക്കാള്‍ കൂടുതൽ ദീർഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യയെയാണ് പാക് വ്യോമപാത വിലക്ക് കൂടുതല്‍ ബാധിക്കുക. അതേസമയം വിലക്ക് വ്യോമയാന മേഖലയിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള നടപടികളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ഇന്ത്യന്‍ വിമാനക്കമ്പനികളും വ്യോമയാന മന്ത്രാലയവുമായി ആശയവിനിമയം തുടരുകയാണ്.