രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അസംഘടിത മേഖലയിലേതുൾപ്പെടെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന സാർവത്രിക പെൻഷൻ പദ്ധതിയാണ് ഒരുങ്ങുന്നതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അസംഘടിത മേഖലയിലുള്ള നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാര്‍, ഗിഗ് തൊഴിലാളികൾ എന്നിവര്‍ക്ക് സർക്കാർ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിന് പരിഹാരമാണ് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പെന്‍ഷന്‍ പദ്ധതി എന്നാണ് വിവരം. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ ശമ്പളക്കാര്‍ക്കും സ്വയം തൊഴിലുകാര്‍ക്കും പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാവുന്നതാണെന്നും വിവരമുണ്ട്. ഇപിഎഫ് പോലെ പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ വിഹിതം ഉണ്ടായേക്കില്ല എന്നാണ് പ്രാഥമിക വിവരം.

ആളുകള്‍ക്ക് സ്വമേധയാ സംഭാവന നൽകാനും 60 വയസിന് ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാനും അനുവദിക്കുന്ന തരത്തിലാണ് പദ്ധതി. നിലവിലുള്ള പെൻഷൻ പദ്ധതികൾ ഒരു ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്ന പെന്‍ഷന്‍ പദ്ധതിയിൽ തൊഴിൽ മന്ത്രാലയം രൂപീകരിക്കുന്നത്. ജോലിയുമായി ബന്ധപ്പെടുത്താതെ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതിയെന്ന് തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കീഴിലാണ് പദ്ധതി വികസിപ്പിക്കുന്നത്.  

പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ, വ്യാപാരികൾക്കും സ്വയംതൊഴിൽക്കാർക്കുമുള്ള ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയ നിലവിലുള്ള പെൻഷൻ പദ്ധതികൾ പുതിയ പദ്ധതിയോട് സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് പദ്ധതികളും മാസത്തില്‍ 3,000 രൂപയാണ് പെന്‍ഷന്‍ നല്‍കുന്നത്. 

നിലവിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (പിഎഫ്ആർഡിഎ) നിയന്ത്രിക്കുന്ന അടൽ പെൻഷൻ യോജനയും പുതിയ പദ്ധതിയുടെ ഭാഗമായേക്കും. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് (ബിഒസിഡബ്ല്യു) ആക്ട് പ്രകാരം പിരിച്ചെടുക്കുന്ന സെസ്, നിർമാണ മേഖലയിലെ തൊഴിലാളികളുടെ പെൻഷൻ ഫണ്ടിലേക്ക് ഉപയോഗിക്കുന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

The Indian government is developing a Universal Pension Scheme to provide financial security for all citizens, encompassing unorganized sector workers like construction laborers, domestic helpers, and gig workers.