1. അമ്മയുടെ വേഷം കെട്ടിയ മകന്‍റെ ചിത്രം, 2. അമ്മ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ

TOPICS COVERED

അമ്മ മരിച്ചുപോയ വിവരം മറച്ചുവച്ച് മകന്‍ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയതായി പരാതി. വടക്കന്‍ ഇറ്റലിയിലെ ബോര്‍ഗോ വിര്‍ജിലിയോയിലാണ് സംഭവം. ലക്ഷങ്ങള്‍ വരുന്ന പെൻഷൻ തുക കൈക്കലാക്കാനാണ്‌ 56 കാരനായ തൊഴില്‍രഹിതനായ മകന്‍ ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തിയത്.  മൃതദേഹം ആരുമറിയാതെ വീട്ടില്‍ ഒളിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. അമ്മയുടെ പേരില്‍ ഏകദേശം ആയിരക്കണക്കിന് യൂറോ മകൻ സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ.

മൂന്ന് വർഷം മുൻപ് 82-ാം വയസ്സിലാണ് ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ മരിച്ചത്. എന്നാൽ ഒഗ്ലിയോയുടെ മരണം മകന്‍ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ല. പകരം, മൃതദേഹം ഒരു ഷീറ്റിൽ പൊതിഞ്ഞ്, സ്ലീപ്പിങ് ബാഗിലാക്കി വീട്ടിൽ ഒളിപ്പിച്ചു. പിന്നീട് അമ്മയെപ്പോലെ വേഷം ധരിച്ച് മകൻ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ലിപ്സ്റ്റിക്ക്, ഫൗണ്ടേഷൻ, നെക്ലേസ് എന്നിവ ഉപയോഗിച്ച് അമ്മയെപ്പോലെ അണിഞ്ഞൊരുങ്ങി. പരേതയായ അമ്മയുടെ ഹെയർ സ്റ്റൈലും പകർത്തി. ആര്‍ക്കും സംശയം വരാത്ത രീതിയില്‍ പെന്‍ഷനും വാങ്ങി പോന്നു. അമ്മയുടെ പെൻഷനും മൂന്ന് വീടുകളുടെ പ്രോപ്പർട്ടി പോർട്ട്ഫോളിയോയും വഴി മകന് ഏകദേശം 53,000 യൂറോ വാർഷിക വരുമാനം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം അമ്മയുടെ തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിന് ബോർഗോ വിർജിലിയോയുടെ പ്രാദേശിക സർക്കാർ ഓഫിസിലെത്തിയ ഇയാൾ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ ആയി അഭിനയിക്കുന്നതിനിടെ ജീവനക്കാരന് സംശയം തോന്നി. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വയോധികയുടെ സ്ത്രീയുടെ കഴുത്തിലും കൈകളിലും താടിയിലും ഉണ്ടായിരുന്ന കറുത്ത രോമങ്ങളാണ് അധികാരികൾക്ക് സംശയമുണ്ടാക്കിയത്. അധികാരികൾ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. 

ഒഗ്ലിയോയുടെ ഫോട്ടോകൾ മകന്റെ ചിത്രങ്ങളുമായി താരതമ്യം ചെയ്തതോടെ തട്ടിപ്പ് വ്യക്തമായി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ അലക്കുമുറിയിലെ ക്ലോസറ്റിൽ സ്ലീപ്പിങ് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.ഇവരുടെ മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം മ‍ൃതദേഹം ഒളിപ്പിച്ചുവെച്ചതിനും രാജ്യത്തിനെതിരായ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ ജയിലിലേക്ക് മാറ്റി.

ENGLISH SUMMARY:

In Borgo Virgilio, Italy, a 56-year-old unemployed man was arrested for impersonating his deceased mother for three years to collect her pension and manage her property portfolio. He hid her body in a closet and used makeup and a wig to disguise himself, but was caught when officials grew suspicious during an ID renewal attempt.