ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ആഗോള ഇലക്ട്രിക്ക് വാഹന ഭീമന്‍ ടെസ്ല. ജോലിക്കായി ഇന്ത്യാക്കാരെ തിരയുന്നെന്ന് വ്യക്തമാക്കി. ലിങ്ക്ഡ് ഇന്നിലെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റിട്ടാണ് ടെസ്ല ഇന്ത്യയിലേക്കുള്ള വരവു സംന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അന്ത്യം കുറിച്ചത്. യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ടെസ്ലയുടെ പോസ്റ്റ് ലിങ്ക്ഡ് ഇന്നില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ സാമ്പത്തിക മാഗസിനായ ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 13 ഒഴിവുകളിലേക്കാണ് ടെസ്ല ആളെ തിരയുന്നത്.
സര്‍വീസ് ടെക്നീഷ്യന്‍, ടെക്നിക്കല്‍ അഡ്വൈസര്‍, എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് ടെസ്ല ആളെ നോക്കുന്നത്. മുംബൈയും ഡല്‍ഹിയും കേന്ദ്രമാക്കിയാണ് റിക്രൂട്ട്മെന്‍റ്. ഡെലിവറി ഓപ്പറേഷന്‍ സ്പെഷ്യലിസ്റ്റ്, കസ്റ്റമര്‍ എന്‍ഗേജ്മെന്‍റ് മാനേജര്‍ തസ്തികകള്‍ മുംബൈ മാത്രം കേന്ദ്രീകരിച്ചാണ്.
ടെസ്ല ഇന്ത്യയിലേക്ക് വരാന്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതിതീരുവ കമ്പനിയെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 35 ലക്ഷത്തിന് താഴെ വിലയുള്ള കാറുകളുടെ തീരുവ 110 ല്‍നിന്നും 70 ശതമാനമായി ഈയിടെ കുറച്ചിരുന്നു. ഇത് ബഹുരാഷ്ട്ര വാഹന കമ്പനികളെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്
ചൈന കഴിഞ്ഞാല്‍ വൈദ്യുതവാഹന വിപണിയില്‍ രണ്ടാമതാണ് ഇന്ത്യ. ഈയടുത്ത് ടെസ്ലയുടെ വില്‍പ്പന കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. രാജ്യത്ത് ടെസ്ലയുടെ വരവോടെ വൈദ്യുതവാഹന വിപണിയില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ടെസ്ലയും ഇന്ത്യയെ മികച്ച വിപണിയായാണ് കണക്കാക്കുന്നത്. ആദ്യഘട്ടത്തില്‍ കാറുകള്‍ ഇറക്കുമതി ചെയ്യാനും തുടര്‍ന്ന് തദ്ദേശീയമായി നിര്‍മിക്കാനുമാണ് ടെസ്ലയുടെ പദ്ധതിയെന്നാണ് നിഗമനം.