FILE PHOTO: Sam Altman, co-founder and CEO of OpenAI, takes part in a panel discussion on artificial intelligence at the Technical University Berlin, in Berlin, Germany, February 7, 2025. REUTERS/Axel Schmidt/File Photo
പുതിയ കാര്‍ വാങ്ങാന്‍ ബുക്ക് ചെയ്താല്‍ എത്രയും വേഗത്തില്‍ കിട്ടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കാത്തിരിപ്പ് നീളുന്തോറും നിരാശയും കൂടും. മാസങ്ങളും വര്‍ഷങ്ങളും കടന്ന് കാത്തിരിപ്പ് നീണ്ടാലോ? ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന് അത്തരമൊരു ദുരനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. ഏഴര വര്‍ഷമായി താന്‍ ടെസ്ല കാറിനായി കാത്തിരിക്കുകയാണെന്നും ഇതുവരെ വാഹനം കിട്ടിയിട്ടില്ലെന്നുമാണ് ആള്‍ട്ട്മാന്‍റെ വെളിപ്പെടുത്തല്‍. കാത്തിരുന്ന് മടുത്തുവെന്നും ബുക്കിങ് ഫീ ആയി നല്‍കിയ 50,000 ഡോളര്‍ തിരികെ നല്‍കണമെന്നും ആള്‍ട്ട്മാന്‍ പറയുന്നു.
കാറിന്‍റെ കാര്യത്തില്‍ വല്ല പുരോഗതിയുമുണ്ടോയെന്ന് ചോദിച്ച് കമ്പനിക്കയച്ച ഇ–മെയിലുകളുടെ സ്ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 2018 ല്‍ ആള്‍ട്ട്മാന്‍റെ ബുക്കിങ് സ്വീകരിച്ചതായി ടെസ്ല മെയില്‍ അയച്ചിട്ടുണ്ട്. കാത്തിരുന്ന് മുഷിഞ്ഞതോടെ 2025ല്‍ ആള്‍ട്ട്മാന്‍ വീണ്ടും മെയില്‍ അയച്ചു. ആ റിസര്‍വേഷന്‍ റദ്ദാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്‍റെ പണം തിരികെ നല്‍കണം എന്നായിരുന്നു ഉള്ളടക്കം. എന്നാല്‍ അപ്പോഴേക്കും ആള്‍ട്ട്മാന് ആദ്യം മറുപടി നല്‍കിയ ഇമെയില്‍ ഐഡി പ്രവര്‍ത്തനരഹിതമായിരുന്നു. കാറ് ഇന്ന് കിട്ടും നാളെ കിട്ടുമെന്ന് താന്‍ കാത്തിരിപ്പായിരുന്നുവെന്നും താമസം മനസിലാക്കാന്‍ സാധിക്കുന്നതാണ്. പക്ഷേ ഏഴര വര്‍ഷം അത് കുറച്ചധികം കടുപ്പമാണെന്നും ആള്‍ട്ട്മാന്‍ മറ്റൊരു മെയിലില്‍ എഴുതിയിട്ടുണ്ട്.
ഓപ്പണ്‍ എഐ ബോസിന്‍റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വന്‍ വൈറലാണ്. ' ഈ വര്‍ഷം അവസാനം പുതിയ മോഡല്‍ ഇറങ്ങും ഇനി ക്യാന്‍സല്‍ ചെയ്യുന്നതെന്തിന്' എന്നായിരുന്നു ഒരാളുടെ ചോദ്യം. 'ഏഴര വര്‍ഷം കുറച്ച് ക്രൂരമാണ്. പക്ഷേ നിങ്ങള്‍ കാത്തിരിക്കുന്ന കാറ് ഏറ്റവും മികച്ചതാണ്, വെറുതേ റീഫണ്ട് വാങ്ങണോ'? എന്ന് ഒരാളും 'രണ്ട് കോടീശ്വരന്‍മാര്‍ക്കിടയില്‍ 50,000 ഡോളറൊക്കെ ഒരു കണക്കാണോ' എന്നും കമന്‍റുകളുണ്ട്.