500 ബില്യണ്‍ ഡോളറിന്‍റെ (50,000 കോടി ഡോളര്‍) ആസ്തിയുമായി ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക്. ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ഫോബ്സിന്‍റെ റിയല്‍ടൈം ബില്യണയര്‍ പട്ടികപ്രകാരം ലോക സമ്പന്നന്‍റെ നിലവിലെ ആസ്തി 500.1 ബില്യണ്‍ ഡോളറാണ്. ഏകദേശം 44.34 ലക്ഷം കോടി രൂപയോളം വരുമിത്. നേരത്തെ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശകനായിരുന്ന സമയത്താണ് ഡിസംബറില്‍ മസ്കിന്‍റെ ആസ്തി 400 ബില്യണ്‍ ഡോളര്‍ കടന്നത്. രണ്ടാം സ്ഥാനത്തുള്ള ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണിന്‍റെ ആസ്തിയേക്കാള്‍ 150 ബില്യണ്‍ ഡോളര്‍ മുന്നിലാണ് മസ്ക്.
ടെസ്‍ലയിലെ ഓഹരി പങ്കാളിത്തമാണ് മസ്കിന്‍റെ സമ്പത്തിന്‍റെ വലിയ ഭാഗം. 12.4 ശതമാനം ഓഹരിയാണ് മസ്കിനുള്ളത്. ഈ വര്‍ഷം ഇതുവരെ 14 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ബുധനാഴ്ച ഓഹരി നാലു ശതമാനം നേട്ടത്തിലായതോടെ 9.3 ബില്യണ്‍ ഡോളറാണ് മസ്കിന്‍റെ ആസ്തിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
ട്രംപിന്‍റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയില്‍ നിന്നും മാറി കമ്പനിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന മസ്കിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ടെസ്‍ല ഓഹരിയിലേക്ക് നിക്ഷേപതാല്‍പര്യമുണ്ടായിരുന്നു. കഴിഞ്ഞ മാസം ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെസ്‍ലയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. 2020 ഫെബ്രുവരിക്ക് ശേഷം മസ്‌ക് ആദ്യമായാണ് ഓപ്പൺ മാർക്കറ്റിൽ ഓഹരി വാങ്ങുന്നത്. ഏകദേശം 2.57 മില്യൺ ഓഹരികളാണ് അദ്ദേഹം വാങ്ങിയത്.
മറ്റ് സംരംഭങ്ങളായ എഐ സ്റ്റാർട്ടപ്പ് xAI, സ്പേസ്എക്സ് എന്നിവയുടെ മൂല്യം വര്‍ധിച്ചതും മസ്കിന് നേട്ടമായി. xAI ന്‍റെ മൂല്യം ജൂലൈയിൽ 75 ബില്യൺ ഡോളറിനാണ് കണക്കാക്കിയത്, കമ്പനി 200 ബില്യൺ ഡോളർ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ നടന്ന ഫണ്ടിംഗ് ചർച്ചകൾക്ക് ശേഷം സ്പേസ്എക്സിന്റെ മൂല്യം ഏകദേശം 400 ബില്യൺ ഡോളറായാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം, ഇലോണ്‍ മസ്ക് തന്‍റെ നെറ്റ്ഫ്ലിക്സ് സബസ്ക്രിപ്ഷന്‍ റദ്ദാക്കിയതായി എക്സില്‍ കുറിച്ചു. ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തെ പരിഹസിച്ചുവെന്ന് ആരോപിക്കുന്ന സംവിധായകന്‍ ഹാമിഷ് സ്റ്റീലിനെ നെറ്റ്ഫ്ലിക്സ് നിയമിച്ചതിന് പിന്നാലെയാണ് നീക്കം. "ഞാൻ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ റദ്ദാക്കി. ചാർലി കിർക്കിന്റെ കൊലപാതകത്തെ ആഘോഷിക്കുകയും 'പ്രോ-ട്രാൻസ്' ഉള്ളടക്കം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഒരാളെ നിയമിക്കുകയാണെങ്കിൽ, എന്‍റെ പണം ഒരുകാലത്തും നിങ്ങള്‍ക്ക് ലഭിക്കില്ല'' എന്നാണ് മസ്ക് എഴുതിയത്.