tesla-mahindra

 ആഗോള വാഹന വിപണിയിലെ ഭീമന്‍ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യ ടെസ്ലക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ടെസ്ലയുടെ ഭീഷണിക്കും മുമ്പേ രാജ്യത്തെ പ്രമുഖ വാഹന ബ്രാന്‍ഡുകളെല്ലാം ഇവിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഇ.വി വിപണിയെ ടെസ്ല വിഴുങ്ങുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായെത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

ഇലോണ്‍ മസ്ക് ടെസ്ല ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ മത്സരം എങ്ങനെ നേരിടുമെന്ന് ചോദിച്ച് ഒരു ഉപഭോക്താവ് എക്സില്‍ കുറിച്ച ചോദ്യത്തിനായിരുന്നു മഹീന്ദ്ര മറുപടി നല്‍കിയത്. 1991ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ സുതാര്യമായത് മുതല്‍ തങ്ങള്‍ സമാനമായ ചോദ്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ടാറ്റക്കെതിരെ, മാരുതിക്കെതിരെ, ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ചോദ്യമുയര്‍ന്നിരുന്നു, എന്നാല്‍ തങ്ങള്‍ ഇന്നും നിലനിന്നു പോകുന്നു. ഒരു നൂറ്റാണ്ടിന് ശേഷവും പ്രസക്തരായിരിക്കാന്‍ ഞങ്ങള്‍ ഭ്രാന്തമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും പിന്തുണയോടെ തങ്ങളത് സാധ്യമാക്കുക തന്നെ ചെയ്യും എന്നായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്.

പോസ്റ്റിന് തൊട്ടുമുകളില്‍ ടെസ്ല 2018ല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പിന്തുണ അറിയിച്ചിട്ട പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു. ബിഇ 6, എക്സ്ഇവി 9ഇ എന്നീ പുതിയ ഇ.വികള്‍ അടുത്തിടെയാണ് മഹീന്ദ്ര പുറത്തിറക്കിയത്.

ജോലിക്കായി ആളെ തിരഞ്ഞ് ലിങ്ക്ഡ് ഇന്നിലെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റിട്ടാണ് ടെസ്ല ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവിന്‍റെ ഊഹാപോഹങ്ങള്‍ക്ക് അന്ത്യം കുറിച്ചത്. ഇന്ത്യയ്ക്ക് അനുകൂലമായ കാറുകള്‍ കമ്പനി പുറത്തിറക്കുമെന്ന് ആരാധകരുടെ പ്രതീക്ഷ. ടെസ്ല ഇന്ത്യയിലേക്ക് വരാന്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതിതീരുവ കമ്പനിയെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കുകായിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 35 ലക്ഷത്തിന് താഴെ വിലയുള്ള കാറുകളുടെ തീരുവ 110 ല്‍നിന്നും 70 ശതമാനമായി ഈയിടെ കുറച്ചിരുന്നു. ഇത് ബഹുരാഷ്ട്ര വാഹന കമ്പനികളെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.

'ടെസ്ലയല്ല ആര് വന്നാലും ഞങ്ങളിവിടെ ഉണ്ടാവും'; മത്സരം മുറുക്കി മഹീന്ദ്ര | Tesla Mahindra:

"If Elon Musk brings Tesla to India, how will you compete?" a customer asked, to which Mahindra replied.