fastag

കാറുമായി റോഡിലിറങ്ങുന്നയാളാണോ.. ഫെബ്രുവരി 17 മുതല്‍ ഫാസ്ടാഗ് ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോവുകയാണ്. ടോള്‍ പ്ലാസ എത്തുന്നതിന് മുന്‍പ് റീചാര്‍ജ് ചെയ്യുന്ന സ്ഥിരം പരിപാടി ഇനി മുതല്‍ നടക്കില്ല. ഫാസ്ടാഗ് ബാലന്‍സ് വാലിഡേഷന്‍ നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങളാണ് നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്. പുതുക്കിയ നിയമം ലംഘിച്ചാല്‍ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും.  

ജനുവരി 28ന് ഇറങ്ങിയ എന്‍പിസിഐ സര്‍ക്കുലര്‍ പ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളില്‍ ഫാസ്ടാഗ് ഇടപാടുകള്‍ നിരസിക്കപ്പെടും,

1. ടോൾ പ്ലാസയിൽ എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌തിരിക്കുകയോ ഹോട്ട്‌ലിസ്റ്റ് ചെയ്യുകയോ ബാലൻസ് കുറയുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഇടപാട് നിരസിക്കപ്പെടും.

2. ഇടപാട് നടത്തിയതിന് 10 മിനുട്ടിനുള്ളില്‍ ഫാസ്ടാഗ് ബ്ലാക് ലിസ്റ്റ് ചെയ്യുകയോ ഇന്‍ ആക്ടീവ് ആവുകയോ ചെയ്താലും ഇടപാട് നിരസിക്കും. 

കോഡ് 176 പ്രകാരമുള്ള നടപടികളാണ് ഇവിടെ ബാധകമാവുക. അതായത് ഉപഭോക്താവ് ടോൾ ഫീസിന്‍റെ ഇരട്ടി പിഴയായി നല്‍കേണ്ടി വരും. ഇതിന്‍റെ ഭാഗമായി ടോള്‍ ബൂത്തിലെത്തുന്നതിന് 60 മിനുട്ട് മുന്‍പ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത ഫാസ്ടാഗ് ആണെങ്കില്‍ അവസാന നിമിഷത്തിലെ റീചാര്‍ജ് സാധിക്കില്ല. 

എന്താണ് ബ്ലാക്ക് ലിസ്റ്റഡ് ഫാസ്ടാഗ്

ആവശ്യമായ ബാലന്‍സ് ഇല്ലാത്ത, കെവൈസി അപ്ഡേഷന്‍ പൂര്‍ത്തിയാക്കാത്ത, ചെയ്സ്, രജിസ്ട്രേഷന്‍ നമ്പറുകള്‍ തമ്മില്‍ പൊരുത്തകേടുകളുള്ള ഫാസ്ടാഗുകളെയാണ് ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ഫാസ്ടാഗ് കാർഡ് സസ്പെൻഡ് ചെയ്യുകയോ നിർജ്ജീവമാക്കുകയോ ചെയ്യുക എന്നാതാണ് ഇതുകൊണ്ട് ഉദ്യേശിക്കുന്നത്.  ഈ പ്രശ്‍നങ്ങൾ പരിഹരിക്കുന്നത് വരെ, ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത ഫാസ്ടാഗ് ടോൾ ബൂത്തുകളിൽ ഉപയോഗിക്കാൻ കഴിയില്ല.

ശ്രദ്ധിക്കാം

നേരത്തെ ടോൾ ബൂത്തിന് സമീപത്ത് വച്ച് ഫാസ്ടാഗ് റീചാർജ് ചെയ്ത് കടന്നുപോകാമായിരുന്നു. ഇനിമുതൽ, ഫാസ്ടാഗ് ഉടമകൾ അവരുടെ ഫാസ്ടാഗിന്‍റെ  സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിക്കണം. യാത്രയ്ക്ക് മുന്നോടിയായി ഫാസ്ടാഗ് വാലറ്റില്‍ കൃത്യമായ പണമുണ്ടെന്ന് ഉറപ്പാക്കുക. ഇടപാട് സമയം പരിശോധിച്ച് ഉറപ്പിച്ചാല്‍ അധിക ചാര്‍ജുകള്‍ ഒഴിവാക്കാം. അനാവശ്യമായി പണം പിടിച്ചിട്ടുണ്ടെങ്കില്‍ 15 ദിവസത്തെ കൂളിങ് സമയത്തിന് ശേഷം പരാതി ഉയര്‍ത്താം. 

ENGLISH SUMMARY:

From February 17, last-minute FASTag recharges will no longer be possible. The National Payments Corporation of India (NPCI) has introduced new validation rules, and violations may result in double toll charges. Check how this impacts toll payments.