നികുതി നിയമങ്ങൾ ലളിതമാക്കാനുള്ള പുതിയ ആദായനികുതി ബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. അടുത്തയാഴ്ച പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ബജറ്റ് അവതരണവേളയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച ഇളവുകൾ സംയോജിപ്പിച്ചുകൊണ്ടുള്ള ബിൽ ആണ് അംഗീകരിക്കപ്പെട്ടത്. ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത് 1961- ലെ ഇൻകംടാക്സ് നിയമമാണ്. ഇതിലെ സങ്കീർണതകളും കാലഹരണപ്പെട്ട വകുപ്പുകളും കഠിനമായ ഭാഷയും ഒഴിവാക്കിയാണ് പുതിയ ബില്ലിന് രൂപം നൽകിയിരിക്കുന്നത്.
വ്യവഹാരങ്ങൾക്ക് വഴിതെളിക്കുന്ന വകുപ്പുകൾ ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . 1961-നുശേഷം നിയമത്തിൽ കൊണ്ടുവന്ന നിരവധി ഭേദഗതികളും പുതിയ ബില്ലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇത്തരം നടപടികളിലൂടെ കൂടുതൽ പേരെ നികുതി പരിധിക്കു കീഴിൽ കൊണ്ടുവന്ന് അടുത്തകാലത്ത് നൽകിയ ഇളവുകൾ സൃഷ്ടിച്ച വരുമാന നഷ്ടം ഇല്ലാതാക്കാനും കൂടിയാണ് ബിൽ ലക്ഷ്യമിടുന്നത്.