വീണ്ടുമൊരു ബംമ്പര്‍ ആവേശത്തിലാണ് കേരളക്കര. ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ ടിക്കറ്റിന്‍റെ ഭാഗ്യശാലി ആരെന്ന് നാളെയറിയാം. കോടികള്‍ പ്രതീക്ഷിച്ച് ബംമ്പറെടുത്തവരുടെ എണ്ണം ഇതിനൊടകം തന്നെ 45 ലക്ഷം കവിഞ്ഞു. 400 രൂപ ടിക്കറ്റില്‍ 22 ഭാഗ്യശാലികളെ കോടിപതികളാക്കുന്ന ടിക്കറ്റാണ് ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ (BR -101).
XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപ ടിക്കറ്റില്‍ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ഇതിന് പുറമെ 21 കോടിപതിമാര്‍ വേറെയും ഉണ്ടാകും എന്നതാണ് ബംബറിന്‍റെ പ്രത്യേകത.
22 കോടിപതികള്‍ ഇവര്‍
ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്‍റെ ലോട്ടറി വിറ്റ ഏജന്‍റും ചേർന്നതാണ് 22 പേർ കോടിപതികള്‍. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ്. ഇങ്ങനെ 20 കോടിപതികള്‍ സമ്മാനര്‍ഹരായി ഉണ്ടാകും. ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജന്‍റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. 20 കോടിയുടെ 10 ശതമാനമായ 2 കോടിയാണ് ലഭിക്കുക. ഇതടക്കം 22 പേര്‍ ക്രിസ്തുമസ് ബംപറില്‍ കോടിപതികളാകും.
മറ്റു സമ്മാനം ഇങ്ങനെ
മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.
സമ്മാനഘടനമാറിയത് 2023 മുതല്‍
2023 ലെ ക്രിസ്മസ് ബംബര്‍ മുതലാണ് സമ്മാന ഘടന മാറിയയത്. നേരത്തെ 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം 20 കോടി രൂപയായി ഉയര്‍ത്തിയതും രണ്ടാം സമ്മാനം മൊത്തത്തില്‍ 20 കോടി രൂപയാക്കി ഉയര്‍ത്തിയും 2023 മുതലാണ്.