ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച വ്യാപാര ആരംഭത്തില്‍ നേട്ടം തുടര്‍ന്നെങ്കിലും പിന്നീട് ഇടിവിലേക്ക് പോയി. സെന്‍സെക്സ് 848 പോയിന്‍റ് താഴ്ന്ന് 76,224 ലേക്കും നിഫ്റ്റി 217 പോയിന്‍റ് ഇടിഞ്ഞ് 23,127 ലേക്കും എത്തി.
അയല്‍ക്കാരായ കാനഡയ്ക്കും മെക്സിക്കോയ്ക്കും നേരെ താരിഫ് ഉയര്‍ത്തുമെന്നുള്ള ഡോണള്‍ഡ് ട്രംപിന്‍റെ ഉദ്ഘാടന ദിവസത്തെ പ്രസംഗത്തിന് പിന്നാലെ നിക്ഷേപകരിലുണ്ടായ ജാഗ്രതയാണ് ഇടിവിന് കാരണം. ഇതോടെ നിക്ഷേപ മൂല്യത്തില്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 432 ലക്ഷം കോടി രൂപയില്‍ നിന്ന് 427 ലക്ഷം കോടി രൂപയായി കുറഞ്ഞു. എല്ലാ സെക്ടറല്‍ സൂചികകളും ഇടിവിലാണ്.
ട്രംപ് വന്നാല്‍ എന്താണ് പ്രശ്നം
ട്രംപിന്‍റെ രണ്ടാം വരവില്‍ താരിഫ് നയവും റഷ്യ–യുക്രൈന്‍ യുദ്ധം, മധ്യേഷ്യയിലെ സംഘര്‍ഷം എന്നിവയാകും വിപണി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ട്രംപിന്‍റെ നയവും യുഎസിലെ പണപ്പെരുപ്പവും, സമ്പദ്‍വ്യവസ്ഥയുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും വിപണി ഉറ്റുനോക്കും. തിങ്കളാഴ്ചയിലെ പ്രസംഗത്തില്‍ 'അമേരിക്കയുടെ സുവര്‍ണകാലം ആരംഭിക്കാന്‍ പോകുന്നു' എന്നാണ് ട്രംപ് പറഞ്ഞത്.
പ്രതീക്ഷിച്ചത് പോലെ, കുടിയേറ്റം, ട്രേഡ്. ഗ്രീന്‍ എനര്‍ജി. ജെന്‍ഡര്‍ വിഷയങ്ങള്‍ ട്രംപ് എടുത്തു പറഞ്ഞു. അമേരിക്കന്‍ താല്‍പര്യം ഉയര്‍ത്തിപിടിക്കും എന്ന് വ്യക്തമാക്കുന്നതായികുന്നു പ്രസിഡന്‍റിന്‍റെ പ്രസംഗം. അമേരിക്കന്‍ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും സംരക്ഷിക്കാന്‍ നമ്മുടെ വ്യാപാര സംവിധാനം ഉടന്‍ പുനപരിശോധിക്കും. ഇതിനായി എക്സ്റ്റേണൽ റവന്യൂ സർവീസ് സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആഗോള ഇറക്കുമതിക്ക് 10 ശതമാനം നികുതിയും ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് 60 ശതമാന നികുതിയും കനേഡിയന്‍, മെക്സിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് 25 ശതമാനം സര്‍ചാര്‍ജുമാണ് ട്രംപ് നിര്‍ദ്ദേശിക്കുന്നത്. ഇത് നടപ്പിലാക്കാന്‍ കൂടുതൽ സമയമെടുക്കുമെന്നാണ് വാർത്ത. ട്രംപിന്‍റെ താരിഫ് നയം ചൈനയ്ക്ക് വലിയ തിരിച്ചടിയാകും. എന്നാല്‍ ഇന്ത്യയ്ക്ക് വിവിധ സെക്ടറുകളില്‍ നഷ്ടത്തിനൊപ്പം നേട്ടവുമുണ്ട്.
ഗ്രീന്‍ എനര്‍ജി ഓഹരികളെ ബാധിക്കും
ട്രംപിന്‍റെ പോളിസി ഏഷ്യയിലെ ഗ്രീന്‍ എനര്‍ജി പരിശ്രമങ്ങളെ ബാധിക്കും. പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനവും ഫോസില്‍ ഇന്ധനത്തോട് അടുക്കുന്ന തീരുമാനം ട്രംപ് ഇന്നലെ വ്യക്തമാക്കി. ഇത് ഇന്ത്യയിലെ സോളര്‍ ഗ്രീന്‍ എനര്‍ജി ഓഹരികളെ ബാധിക്കുമെന്നാണ് വിലിയിരുത്തല്‍. ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ യുഎസിലേക്ക് സോളര്‍ മൊഡ്യൂളുകള്‍ കയറ്റി അയക്കുന്നുണ്ട്. ഇത്തരം കമ്പനികള്‍ക്ക് തീരുമാനം തിരിച്ചടിയാണ്. ട്രംപിന്‍റെ വിജയത്തിന് പിന്നാലെ നിഫ്റ്റി എനര്‍ജി സൂചിക 10 ശതമാനമാണ് ഇടിഞ്ഞത്.
ഐടി, ഫാര്‍മ ഓഹരികള്‍ക്ക് ക്ഷീണം
കയറ്റുമതി കേന്ദ്രീകൃതമായ ടെക്സ്റ്റൈല്‍, ഐടി, സെക്ടറുകളിലാണ് ട്രംപിന്‍റെ നയങ്ങള്‍ ക്ഷീണമുണ്ടാക്കുക. വര്‍ക്ക് വിസകളില്‍ ട്രംപ് ഭരണകൂടം നിയന്ത്രണങ്ങള്‍ കൊണ്ടവരുമോ എന്നതാണ് ഐടി കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി.
പ്രത്യേകിച്ച് എച്ച്-1ബി വിസയ്ക്ക് നിയന്ത്രണം വന്നാല്‍ ഇന്ത്യന്‍ ഐടി, ഐടി സേവന കമ്പനികള്‍ക്ക് ഇത് ചെലവ് കൂട്ടും. ഇതോടെ കമ്പനികള്‍ കൂടുതല്‍ പ്രാദേശിക നിയമനങ്ങള്‍ യുഎസില്‍ നിന്ന് നടത്തേണ്ടായി വരും. ഇത് പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കാനും കമ്പനിരളുടെ ലാഭത്തെ ബാധിക്കാനും കാരണമാകും. നിഫ്റ്റി ഐടി സൂചിക ട്രംപിന്‍റെ വിജയത്തിന് ശേഷം 3.81 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു.
ഫാര്‍മ സെക്ടറാണ് ട്രംപ് ഭരണത്തില്‍ പ്രതിസന്ധി പ്രതീക്ഷിക്കുന്ന മറ്റൊരു മേഖല. യുഎസിലേക്ക് തൊഴില്‍കൊണ്ടുവരാനും കടുത്ത ട്രേഡ് പോളിസികളിലേക്ക് കടക്കാനുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം. ഇതോടെ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ കടുത്ത നിയന്ത്രണങ്ങളും താരിഫും യുഎസ് കമ്പനികളില്‍ നിന്നുള്ള ഉയര്‍ന്ന മത്സരവും നേരിടേണ്ടി വരും. നവംബറില്‍ ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ നിഫ്റ്റി ഫാര്‍മ സെക്ടര്‍ 2.13 ശതമാനമണ് ഇടിഞ്ഞത്.
നേട്ടം ഇവിടെ
നേട്ടമുണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നൊരു സെക്ടര്‍ മെറ്റലാണ്. ചൈനയോട് ട്രംപ് കടുപ്പിക്കുമ്പോള്‍ ഇന്ത്യന്‍ മെറ്റല്‍ സെക്ടര്‍ ഇതിന്‍റെ ഗുണഭോക്താക്കളാകും. പ്രധാന മെറ്റല്‍ കയറ്റുമതിക്കാരായ ചൈനയ്ക്ക് മുകളില്‍ 60 ശതമാനം നികുതി ചുമത്തിയാല്‍ ഇന്ത്യന്‍ മെറ്റല്‍ ഡിമാന്‍റ് ഉയര്‍ത്തും എന്നാണ് പ്രതീക്ഷ. എന്നാല്‍ നിഫ്റ്റി മെറ്റല്‍ സൂചിക 9.28 ശതമാനം ഇടിയുകയാണുണ്ടായത്.
വ്യാപര യുദ്ധവും നികുതിയും ഏഷ്യന്‍ വിപണികളില്‍ ചാഞ്ചാട്ടമുണ്ടാക്കാമെങ്കിലും ടെക്, ഡിഫന്‍സ് സെക്ടറുകള്‍ ക്രമേണ നേട്ടത്തിലാകാം. ട്രംപിന്‍റെ നയങ്ങള്‍ ഡിഫന്‍സ്, ടെക് എനേബിള്‍ഡ് ഡിഫന്‍സ് ഓഹരികളില്‍ മുന്നേറ്റം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രോണ്‍, എയറോ സ്പേസ് ഓഹരികളിലാണ് നേട്ടം പ്രതീക്ഷിക്കുന്നത്.
രൂപയ്ക്ക് ക്ഷീണം
നവംബറില്‍ ട്രംപ് വിജയിച്ച ശേഷം ഡോളറിനെതിരെ ഇതുവരെ 2.90 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. കഴിഞ്ഞ ദിവസം സര്‍വകാല ഇടിവായ 86.70 നിലവാരത്തിലേക്ക് താഴ്ന്നു. വ്യാപരയുദ്ധവും കോര്‍പ്പറേറ്റ് ടാക്സ് കുറയ്ക്കുന്ന തീരുമാനവും ഡോളറിനെ ശക്തമാക്കും. ഇത് ഭാവിയില്‍ രൂപയ്ക്ക് തിരിച്ചടിയാണ്. ഇത് ഓഹരി വിപണയില്‍ നിന്ന് വിദേശ നിക്ഷേപം കുറയ്ക്കും.
2017-2021 കാലത്തെ ആദ്യ ട്രംപ് ഭരണസമയത്ത് നിഫ്റ്റി 38 ശതമാനം നേട്ടമുണ്ടാക്കി. എന്നാല്‍ നസ്ഡാഖ് ഇക്കാലയളില്‍ 77 ശതമാനമാണ് വളര്‍ന്നത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)