കുടുംബ ബിസിനസിനെ ആഗോള ബ്രാൻഡാക്കി മാറ്റിയ രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ ടാറ്റ കുടുംബത്തിൽ നിന്ന് പകരക്കാനായി ആരെത്തുമെന്നാണ് ചോദ്യം. 86 കാരനായ രത്തൻ ടാറ്റ ടാറ്റ സൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ് എന്നിവയുടെ ചെയർമാൻ എമറിറ്റസ് എന്ന സ്ഥാനമാണ് വഹിച്ചിരുന്നത്. അവിവാഹിതനായ രത്തൻ ടാറ്റയ്ക്ക് ശേഷം 30 ലക്ഷം കോടി രൂപയുടെ ടാറ്റ സാമ്രാജ്യം ആരു നയിക്കും?.
Also Read: ബ്ലൂ കോളർ ജോലിയിൽ നിന്ന് ചെയർമാനിലേക്ക്; പുതിയ ടാറ്റയുടെ മുഖം; രത്തൻ ടാറ്റ മടങ്ങുമ്പോൾ
ടാറ്റ ഗ്രൂപ്പിന് നിലവിൽ കൃത്യമായ പിന്തുടർച്ച പ്ലാനുണ്ട്. 2017 മുതൽ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിനെ നയിക്കുന്നത് എൻ ചന്ദ്രശേഖരൻ ആണ്. ഒപ്പം മറ്റു കുടുംബാംഗങ്ങൾ വിവിധ ബിസിനസുകളുടെയും നേതൃനിരയിലുണ്ട്. ഇവരിൽ പലരെയും ടാറ്റയുടെ പിൻഗാമായായി പ്രതീക്ഷിക്കുന്നു.
നോയൽ ടാറ്റ
പിൻഗാമികളായേക്കാം എന്ന് കരുതുന്നവരിൽ പ്രധാനപ്പെട്ടയാൾ നോയൽ ടാറ്റയാണ്. രത്തൻ ടാറ്റയുടെ അർധ സഹോദരനായ നോയൽ ടാറ്റ നവേൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലുള്ള മകനാണ്. കുടുംബ ബന്ധം വച്ച് നോയൽ ടാറ്റ പാരമ്പര്യം പിന്തുടരാൻ സാധ്യതയുണ്ട്.
Also Read: നാനോ മുതല്‍ ജാഗ്വാര്‍ വരെ; രത്തന്‍ ടാറ്റ എന്ന മനുഷ്യന്‍ പിന്നിട്ട വഴികള്‍
നിലവിൽ വെസ്റ്റസൈഡ്, സുഡിയോ, സ്റ്റാർ ബസാർ എന്നിവ നിയന്ത്രിക്കുന്ന ടാറ്റ ഗ്രൂപ്പിൻറെ റീട്ടെയിൽ വിഭാഗമായ ട്രെൻഡ് ലിമിറ്റഡിൻറെ ചെയർമാനാണ് അദ്ദേഹം. നോയൽ ടാറ്റയടെ മൂന്ന് മക്കളായ മായ, നെവിൽ, ലിയ ടാറ്റ എന്നിവരും ടാറ്റ ഗ്രൂപ്പിൻറെ അമരത്തെത്താൻ സാധ്യത കൽപ്പിക്കുന്നവരാണ്.
മായ ടാറ്റ
34 കാരിയായ മായ ടാറ്റ നിലവിൽ ടാറ്റ ഗ്രൂപ്പിൻറെ ഭാഗമാണ്. ടാറ്റ ഓപ്പർച്യൂണിറ്റി ഫണ്ടിലും ടാറ്റ ഡിജിറ്റലിലും കാര്യമായ പങ്കു വഹിക്കുന്ന മായയുടെ നേതൃത്വത്തിലാണ് ടാറ്റ ന്യൂ ആപ്പ് ആരംഭിച്ചത്. ബയേസ് ബിസിനസ് സ്കൂളിൽ നിന്നും വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് വിദ്യാഭ്യാസം.
നെവിൻ ടാറ്റ
32 കാരനായ നെവിൽ ടാറ്റയും കുടുംബ ബിസിനസിലുണ്ട്. ട്രെൻ്റ് ലിമിറ്റഡിന് കീഴിലുള്ള പ്രശസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സ്റ്റാർ ബസാറിൻറെ ചുമതല നെവിൽ ടാറ്റയ്ക്കാണ്. ടൊയോട്ട കിർലോസ്‌കർ ഗ്രൂപ്പിൽ നിന്നുള്ള മാനസി കിർലോസ്‌കറിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്.
ലിയ ടാറ്റ
പ്രായത്തിൽ മൂത്തയാളാണ് ലിയ ടാറ്റ. ഹോസ്പ്പിറ്റാലിറ്റി സെക്ടറിൽ വിദഗ്ധയായ ലിയ ടാറ്റ ഗ്രൂപ്പിലെ താജ് ഹോട്ടൽസ് റിസോർട്ട് ആൻഡ് പാലസിൻറെ വളർച്ചയിൽ കാര്യമായ പങ്കുവഹിക്കുന്നു. 2006-ൽ താജ് ഹോട്ടൽസ് റിസോർട്ട്സ് ആൻഡ് പാലസിൽ അസിസ്റ്റൻ്റ് സെയിൽസ് മാനേജരായാണ് ടാറ്റ ഗ്രൂപ്പിലേക്ക് എത്തിയത്. നിലവിൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൽ വൈസ് പ്രസിഡൻ്റാണ്. സ്പെയിനിലെ ഐഇ ബിസിനസ് സ്കൂളിൽ നിന്നുള്ള ബിരുദധാരിയാണ് ലിയ.
രത്തൻ ടാറ്റയുടെ പ്രണയം
1959-ൽ ആർകിടെക്ചറിൽ ബിരുദം നേടിയ രത്തൻ ടാറ്റ തുടർ പഠനത്തിനായി യുഎസിലെ കോർണൽ യൂണിവേഴ്സിറ്റിയിലാണ് ചേർന്നത്. പഠന ശേഷം ജോലിയുമായി രണ്ട് വർഷത്തോളം ലോസ് ഏഞ്ചൽസിൽ അദ്ദേഹം തുടർന്നിരുന്നു. ഈ കാലത്ത് അദ്ദേഹത്തിന് പ്രണയമുണ്ടായിരുന്നു.
മുത്തശ്ശിയുടെ ആരോഗ്യനില മോശമായതിനാൽ അദ്ദേഹത്തിന് പെട്ടന്ന് തന്നെ ഇന്ത്യയിലേക്ക് മാറേണ്ട സാഹചര്യമുണ്ടായി. പെൺകുട്ടിയും തന്നോടൊപ്പം ഇന്ത്യയിലേക്ക് എത്തുമെന്ന് രത്തൻ ടാറ്റ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചൈന യുദ്ധത്തെത്തുടർന്ന് ഇന്ത്യയിലുണ്ടായ അസ്ഥിരത മൂലം മകളെ ഇന്ത്യയിലേക്ക് വിടാൻ മാതാപിതാക്കൾ വിസമ്മതിച്ചോടെ രത്തൻടാറ്റയുടെ പ്രണയവും തകർന്നു.