വിനിമയത്തില്‍ നിന്നും ഒഴിവാക്കിയ രണ്ടായിരം രൂപ നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇതുവരെ രണ്ടായിരത്തിന്‍റെ 93ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്കിന്‍റെ കണക്ക്. പ്രവാസികള്‍ക്കായി തിയതി നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

നോട്ട് നിരോധനം എന്ന വാക്ക് ഉപയോഗിക്കാതെ പകരം രണ്ടായിരത്തിന്‍റെ നോട്ടുകള്‍  മാറിയെടുക്കാം എന്നാണ് റിസര്‍വ് ബാങ്ക് ഇത്തവണ വ്യക്തമാക്കിയത്. 2019ല്‍ അച്ചടി നിര്‍ത്തിയതോടെ, ആകെ നോട്ടുകളുടെ 10.8 ശതമാനം മാത്രമായി രണ്ടായിരത്തിന്‍റെ നോട്ടുകള്‍ കുറഞ്ഞിരുന്നു. നോട്ടുകള്‍ പിന്‍വലിച്ച മേയ് 19ലെ കണക്കാണിത്. നോട്ടുകള്‍ മാറിയെടുക്കാന്‍ ഇത്തവണ ബാങ്കുകളില്‍ വലിയ തിരക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായില്ല. കള്ളപ്പണത്തിന്‍റെ തലത്തിലേക്കും ചര്‍ച്ചകള്‍ പോയില്ല. ഓഗസ്റ്റിലെ കണക്കുപ്രകാരം 93 ശതമാനം നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി. ഇനി 24,000 കോടി തിരിച്ചുവരാനുണ്ട്. അന്തിമകണക്കുകളില്‍ ഇത് ഇനിയും കുറയും.

പ്രവാസികള്‍ക്കായി നോട്ട് മാറിയെടുക്കാന്‍ ഇനിയും സമയപരിധി നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ അതിന് ചുരുങ്ങിയ സമയം മാത്രമാകും അനുവദിക്കുക. തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.