• രാജ്യാന്തര വില 14 മാസത്തെ താഴ്ന്ന നിലവാരത്തിൽ നിന്ന് 3,660 ഡോളറിലേക്ക് തിരിച്ചുകയറിയതോടെ കേരളത്തിൽ സ്വർണവില പവന് 1,080 രൂപ വർധിച്ച് 92,800 രൂപയായി.

കഴിഞ്ഞാഴ്ചയിലെ ഇടിവ് പ്രതീക്ഷിച്ച വിപണിയില്‍ സ്വര്‍ണത്തിന്‍റെ തിരിച്ചുകയറ്റം. കേരളത്തില്‍ ഇന്ന് പവന് 1080 രൂപ കൂടി 92,800 രൂപയിലേക്ക് എത്തി. രാജ്യാന്തര വില 3500 ഡോളറില്‍ നിന്നും 3600 ഡോളറിലേക്ക് എത്തിയതോടെയാണ് കേരളത്തില്‍ വില കൂടാന്‍ കാരണം. 14 മാസത്തെ താഴ്ന്ന നിലവാരത്തിലേക്കിറങ്ങിയ സ്വര്‍ണ വിലയാണ് തിങ്കളാഴ്ച അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്. 3660 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണ വില.

ലോകത്തെമ്പാടും എഐ ഓഹരികളില്‍ കഴിഞ്ഞാഴ്ചയുണ്ടായ ഇടിവിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കണ്ടതോടെയാണ് വില ഉയര്‍ന്നത്. വില ഇടിഞ്ഞതോടെ സ്വര്‍ണത്തിന്‍റെ പ്രധാന വിപണികളിലുണ്ടായ ആവശ്യകതയും വിലയെ ഉയര്‍ത്തി. ഇന്ത്യയിലും ചൈനയിലും സ്വര്‍ണത്തിന് ആവശ്യക്കാരുണ്ടായതും വിലയെ സ്വാധീനിച്ചു. എന്നാല്‍ ഫെഡ് പലിശ നിരക്ക് തലയ്ക്ക് മുകളില്‍ നില്‍ക്കുന്നതിനാല്‍ വലിയതോതില്‍ മുന്നേറാന്‍ സ്വര്‍ണത്തിനു സാധിക്കുന്നില്ല. 

പലിശ നിരക്ക് സംബന്ധിച്ച ഫെഡിന്‍റെ നയത്തെ സ്വാധീനിക്കുന്ന യുഎസ് പേഴ്സണൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ ഡാറ്റ പുറത്തുവരാനിരിക്കെ വലിയ നിക്ഷേപത്തിന് മടിക്കുകയാണ്. യുഎസിലെ ജനങ്ങള്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചെലവാക്കുന്ന തുകയുടെ കണക്കാണിത്. പേഴ്സണൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ കൂടുകയാണെങ്കില്‍ ജീവിത ചെലവ് ഉയരുകയാണെന്നും പണപ്പെരുപ്പം ഉയരുകയാണെന്നും അര്‍ഥമാകും. ഇതിനൊപ്പം പലിശകൂട്ടണമെന്ന് ഫെ‍ഡില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നിലവിലെ പോളിസി പര്യാപ്തമല്ലെന്നും ഫെഡ് ഗവര്‍ണര്‍ ലിസ കുക്ക് പറഞ്ഞു.

2027 ല്‍ വില എങ്ങോട്ട് 

യു.എസില്‍ ഫെഡ് പലിശ നിരക്കുകയര്‍ത്തുമെങ്കിലും 2027 ല്‍ സ്വര്‍ണം മുന്നേറുമെന്നാണ് യുഎസ് മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്സ് പ്രവചിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ വാങ്ങലുകള്‍ തുടരുന്നതോടെ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 അവസാനത്തോടെ സ്വർണ വില ട്രോയ് ഔൺസിന് 4,650 ഡോളറിലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സിന്‍റെ വിലയിരുത്തല്‍. 

കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് മാസത്തില്‍ ശരാശരി 60 ടണ്‍ സ്വര്‍ണം വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന തന്നെ ഇവിടെ സ്വര്‍ണത്തിന്‍റെ രക്ഷകനാകും. ഡിസംബറില്‍ നടക്കുന്ന ഫെഡ് യോഗത്തില്‍ കാല്‍ ശതമാനം പലിശ കൂട്ടുന്ന ഫെഡറല്‍ റിസര്‍വ് 2027 മാര്‍ച്ചിലും പലിശ കൂട്ടും. പിന്നീട് പലിശ കുറയ്ക്കാന്‍ ആരംഭിക്കും. ഫെഡിന്റെ പലിശ നിരക്ക് കുറയ്ക്കല്‍ പൂര്‍ത്തിയാകുന്നതോടെ വിദേശ നിക്ഷേപം എത്തിയാല്‍ 2028 അവസാനം സ്വര്‍ണ വില 5600 ഡോളര്‍ എന്ന റെക്കോര്‍ഡിലേക്ക് വീണ്ടും എത്താം എന്നും ഗോള്‍ഡ്മാന്‍ സാച്ച്സ് വിലയിരുത്തുന്നു. 

ENGLISH SUMMARY:

Gold prices staged a sharp comeback in Kerala, rising by ₹1,080 per sovereign to reach ₹92,800 after international prices rebounded from a 14-month low to $3,660 per ounce. The surge was fueled by investors turning to gold as a safe haven following a global slump in AI stocks, alongside strong physical demand from major markets like India and China. However, further gains remain capped ahead of key US Personal Consumption Expenditures data and hawkish remarks from Federal Reserve Governor Lisa Cook signaling potential rate hikes to curb inflation. Looking ahead, Goldman Sachs forecasts gold to reach $4,650 per troy ounce by the end of 2027—and potentially $5,600 by late 2028—driven by central bank purchases averaging 60 tonnes a month, led by China.