തുടര്‍ച്ചയായ തകര്‍ച്ചയ്ക്കുശേഷം രൂപ കരകയറുന്നു. ഏപ്രില്‍ മാസത്തിനുശേഷം ആദ്യമായി ഡോളറുമായുള്ള വിനിമയ നിരക്ക് 93 രൂപയില്‍ താഴെയെത്തി. ഇന്നലെ ക്ലോസ് ചെയ്ത റേറ്റില്‍ നിന്ന് 0.3 ശതമാനം ഉയര്‍ന്ന് വിനിമയ നിരക്ക് 92.9950 ആയി. കഴിഞ്ഞ മാസത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2 ശതമാനമാണ് വര്‍ധന.
ഇന്ത്യന്‍ ഓഹരികളില്‍ വന്‍തോതില്‍ വിദേശനിക്ഷേപം എത്തിയതാണ് രൂപയുടെ ശക്തി വര്‍ധിപ്പിച്ചത്. ഓഹരിവിപണി മൊത്തത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയതും ഗുണം ചെയ്തു. നവംബറില്‍ മാത്രം വിദേശ നിക്ഷേപകര്‍ 12 ബില്യന്‍ യുഎസ് ഡോളറാണ് (1,11,535 കോടി രൂപ) ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്.
ഏഷ്യയിലെ മറ്റ് പ്രധാന കറന്‍സികളെക്കാള്‍ മികച്ച പ്രകടനമാണ് ഈമാസം രൂപയുടേത്. യുഎസ് ഫെഡറല്‍ റിസര്‍വ് ഡോളര്‍ ശക്തിപ്പെടുത്താനുതകുന്ന കൂടുതല്‍ നയങ്ങള്‍ മുന്നോട്ടുവച്ചുതുടങ്ങിയതോടെ രൂപയടക്കം മറ്റ് കറന്‍സികള്‍ ഏതാനും മാസങ്ങളായി കടുത്ത സമ്മര്‍ദം നേരിട്ടിരുന്നു. വമ്പന്‍ ഐപിഒകളടക്കം ഓഹരിവിപണി സജീവമാകുകയും വിദേശനിക്ഷേപകര്‍ തിരിച്ചുവരികയും ചെയ്തതോടെയാണ് ഈ സമ്മര്‍ദം മറികടക്കാനായത്.