പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കുമെന്ന് ആശങ്ക. നിത്യോപയോഗ സാധനങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കും വിലകൂടും.  വിദേശനാണ്യ വിനിമയത്തിലെ  തിരിച്ചടി സര്‍ക്കാരിനെയും ധനകാര്യ സ്ഥാപനങ്ങളെയും ബാധിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോര്‍മൂസിലെ പ്രതിസന്ധിയുമാണ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. 

യുഎസ് – ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ആറു ശതമാനം മുല്യമിടിഞ്ഞു. ഇന്നലെ രാവിലെ മൂല്യം 96.9 എന്ന നിലയിലേക്ക് കൂപ്പുകുത്തി. രൂപയുടെ തകര്‍ച്ച ഇനിയും തുടര്‍ന്നാല്‍ ജനജീവിതം ദുസ്സഹമാകും. അവശ്യവസ്തുക്കളുടെ വിലക്കയറ്റമാണ് സാധാരണക്കാര്‍ക്ക് ഭീഷണി.  ക്രൂഡ് ഓയിലിന്‍റെ വില കൂടുന്നതുകാരണം ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ പച്ചക്കറിക്കുള്‍പ്പെടെ വില കയറും. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, സ്വര്‍ണം തുടങ്ങിയവയുടെ വിലയൂം കൂടും. പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഇറക്കുമതി സാധനങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.  രാജ്യത്തെ ഉല്‍പാദന മേഖലയെ ബാധിക്കാത്ത തരത്തില്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.   

രൂപയുടെ മൂല്യമിടിഞ്ഞാല്‍ വിദേശ യാത്ര, വിദേശ പഠനം എന്നിവയ്ക്കും ചെലവുകൂടും.  വിദേശ വായ്പകളുടെ തിരിച്ചടവ് ചെലവ് വര്‍ധിക്കുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും സ്ഥാപനങ്ങളെയും ബാധിക്കും. അതിനിടെ, കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണയോഗം ഇന്ന് ചേരും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എല്ലാ കാബിനറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും, സഹമന്ത്രിമാരും പങ്കെടുക്കും.  വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം,  പ്രധാന തീരുമാനങ്ങള്‍, ഫലപ്രാപ്തി, ഭാവി പദ്ധതികൾ തുടങ്ങിയ യോഗത്തിൽ അവലോകനം  ചെയ്യും.  മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് യോഗം.  ഈ വർഷം ആദ്യമായാണ് മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം ചേരുന്നത്.  വൈകുന്നേരം അഞ്ചുമണിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗം.

ENGLISH SUMMARY:

The Indian rupee has plummeted to an unprecedented historic low of 96.9 against the US dollar, triggering widespread fears of a severe domestic inflation surge across multiple consumer sectors. Fueled primarily by escalating geopolitical instability in West Asia and conflict involving the US and Iran, the currency has depreciated by over 6 percent since the start of hostilities. This drastic slump is expected to significantly inflate import bills for crucial commodities like global crude oil, electronic goods, and gold, ultimately cascading into a price hike for daily essentials and vegetables. In direct response to these compounding economic challenges and rising foreign debt repayment costs, Prime Minister Narendra Modi has urgently urged citizens to curb the consumption of imported luxury products. Coincidentally, a high-stakes, comprehensive Union Cabinet meeting comprising all cabinet and state ministers is scheduled today at 5:00 PM at New Delhi's Bharat Mandapam to critically review ministerial performance and assess emergency economic countermeasures.