AI Generated Image
സ്വർണ വിലയിൽ കുറവ്. പവന് 280 രൂപ കുറഞ്ഞ് 1,09,480 രൂപയിലെത്തി. 35 രൂപ കുറഞ്ഞ് ഗ്രാമിന് 13685 രൂപയിലാണ് ഇന്നത്തെ വില. രാജ്യാന്തര ഘടകങ്ങളും രൂപ ശക്തി കാട്ടിയതുമാണ് സ്വർണ വില ഇടിയാൻ കാരണം. രണ്ടു ദിവസത്തിനിടെ 1,560 രൂപയാണ് സ്വർണ വിലയിൽ കുറഞ്ഞത്.
ക്രൂഡോയിൽ വിലക്കുതിക്കുന്നതും പണപ്പെരുപ്പ ആശങ്ക ഉയർന്നതും രാജ്യാന്തര സ്വർണ വില താഴേക്ക് എത്തിക്കുകയാണ്. 4,189.98 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. യുഎസ് ഡോളർ 18 മാസത്തെ ഉയർന്ന നിരക്കിലെത്തിയതും സ്വർണത്തിനു ആശ്വാസമായി. ഡോളർ ശക്തമാകുന്നതോടെ ഡോളറിൽ വ്യാപാരം നടത്തുന്ന സ്വർണത്തിന് ഡിമാൻഡ് കുറയും. ഇതാണ് വില കുറയാൻ സഹായിക്കുന്നത്. 2025 ഏപ്രിൽ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഡോളർ. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർന്ന തലത്തിൽ തന്നെ നിലനിർത്തുമെന്ന സൂചന നൽകുന്നതാണ് ഡോളറിന് നേട്ടമാകുന്നത്.
രൂപയുടെ മുന്നേറ്റവും സ്വർണ വില കുറയാൻ സഹായിച്ചു. രൂപയുടെ വിനിമയനിരക്ക് മെച്ചപ്പെടുന്നത് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ രൂപയിലുള്ള ചെലവ് കുറയ്ക്കച്ചു. റിസർവ് ബാങ്കിന്റെ വിപണിയിലെ ഇടപെടലുകളും ഡോളറിന്റെ ആവശ്യകതയും വിതരണവും സംബന്ധിച്ച മാറ്റങ്ങളും രൂപയുടെ മൂല്യത്തിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങളാണ്.
ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,207 ഡോളറിൽ നിന്നും 4,170 ഡോളറിലേക്ക് താഴ്ന്നതാണ് വിലയിടിവിന് കാരണമായത്. രാജ്യാന്തര സ്വർണവിലയിലുണ്ടായ ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ മെച്ചപ്പെടലും ഒരേസമയം സംഭവിച്ചതാണ് ആഭ്യന്തര വിപണിയിൽ വിലക്കുറവ് കൂടുതൽ പ്രകടമാകാൻ കാരണം. അതേസമയം, നിലവിലെ വിലയിടിവ് സ്വർണവിലയുടെ ദീർഘകാല പ്രവണതയിൽ മാറ്റമുണ്ടായെന്നതിന്റെ ഉറപ്പായ സൂചനയായി കാണാനാവില്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.