റഷ്യയിൽ നിന്ന് എണ്ണ ഉൾപ്പെടെ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ നിന്ന് പിൻവാങ്ങി അമേരിക്ക. സെപ്റ്റംബർ 16ലെ ഉത്തരവ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മരവിപ്പിച്ചു. അധികതീരുവയും ഏർപ്പെടുത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നാണ് വിശദീകരണം. ആഗോള വിപണിലും അമേരിക്കയിലും എണ്ണ വില ഉയർന്നുനില്ക്കുന്ന സാഹചര്യം കണ്ടാണ് ട്രംപിന്റെ പിൻമാറ്റം.
Also Read: 5500 ന്റെ റെക്കോർഡ് ലക്ഷ്യമിടാൻ സ്വർണം; വീണ്ടും പുതിയ ഉയരത്തിലേക്ക്? കേരളത്തിലെ വില ഇങ്ങനെ
യുഎസിൽ നിർണായകമായ മിഡ് ടേം തിരഞ്ഞെടുപ്പ് അടുത്തമാസം മൂന്ന് നടക്കാനിരിക്കെ റഷ്യൻ എണ്ണ കൂടുതലായി വിപണിയിലെത്തിക്കാനാണ് ട്രംപിന്റെ ശ്രമം. യുഎസിലേക്ക് ഡീസൽ എത്തിക്കാൻ ട്രംപ് പുട്ടിനുമായി ധാരണയായിരുന്നു. റഷ്യൻ എണ്ണ പ്രധാനമായും വാങ്ങുന്ന ചൈനയും ഇന്ത്യയും ഉപരോധ ബില്ലിനെതിരെ കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടത്താനും റഷ്യൻ എണ്ണയുടെ ഉപഭോക്താക്കളായ ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ഉയർന്ന തീരുവ ചുമത്താനും അധികാരം നൽകുന്ന 'ഗ്രഹാം ആക്ട്' സെപ്റ്റംബർ 16 നാണ് യുഎസ് കോൺഗ്രസ് പാസാക്കിയത്. രണ്ടു ദിവസത്തിന് ശേഷമാണ് ട്രംപ് കരാറിൽ ഒപ്പിട്ടത്.
റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന വലിയ അഞ്ച് രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ ദേശീയ താൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ, ഉപരോധം, തീരുവ എന്നിവയിൽ ഇളവ് അനുവദിക്കാനും നിയമം പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്.
Also Read: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയുമായി ജിയോ പ്ലാറ്റ്ഫോംസ്; ധീരുഭായ് അംബാനിയുടെ സ്വപ്നത്തുടർച്ച
യുഎസിലേക്കും ആഗോള വിപണികളിലേക്കും ഡീസൽ വിതരണത്തിനായി ട്രംപ് റഷ്യയുമായി ഈയിടെ കരാറിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമത്തിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾ ശേഷമാണ് ഇന്ത്യയ്ക്ക് ആശ്വാസമായ തീരുമാനം.
കഴിഞ്ഞ മാസം ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിക്കിടെ ‘ഗ്രഹാം ആക്ട്’ ആശങ്കകൾ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര് മാർക്കോ റൂബിയോയുമായി പങ്കുവച്ചിരുന്നു. മിഡിൽ ഈസ്റ്റ്, റഷ്യൻ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ അനുയോജ്യമായ സാങ്കേതിക വിദ്യയായാണ് ഇന്ത്യൻ റിഫൈനറികളിലുള്ളതെന്നും വെനസ്വേലയുടെയും യുഎസിന്റെയും എണ്ണ ശുദ്ധീകരിക്കാൻ മറ്റു എണ്ണയുമായി മിശ്രണം ചെയ്യേണ്ടി വരുമെന്നും ഇന്ത്യ യുഎസിനെ അറിയിച്ചിരുന്നു. യുഎസ്- ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ എണ്ണ വിതരണം പ്രതിസന്ധിയിലായ ഘട്ടത്തിൽ ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിലിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്.