• രൂപയുടെ വിനിമയനിരക്ക്, ക്രൂഡ് ഓയിൽ വില, കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ, ആഗോള നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപങ്ങളോടുള്ള താൽപര്യം എന്നിവയും നിർണായകമാണ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം. ഒരാഴ്ചയ്ക്കിടെ പവന് 2400 രൂപ വരെ ഇടിവ് സംഭവിച്ചെന്നാണ് കണക്കുകള്‍. എന്നാല്‍ വരും ദിവസങ്ങളില്‍ വില കയറാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ആഗോള സാമ്പത്തിക സാഹചര്യങ്ങളും കേന്ദ്രബാങ്കുകളുടെ നയസമീപനവും അനുസരിച്ചായിരിക്കും വിലയിലെ ഏറ്റക്കുറച്ചിലുകള്‍. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടം, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വം, ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിലെ മാറ്റങ്ങൾ എന്നിവയാണ് സ്വർണവിപണിയെ പ്രധാനമായും സ്വാധീനിച്ചത്.

പലിശനിരക്ക് എന്താകും? ക്ലൂ തരാതെ ഫെഡറല്‍ റിസര്‍വ്

പലിശനിരക്ക് സംബന്ധിച്ച് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനം നീളുന്നതാണ് സ്വര്‍ണവിലയെ പ്രവചനാതീതമാക്കുന്നത്. വിലസ്ഥിരത ഉറപ്പാക്കാനാണ് പ്രയത്നിക്കുന്നതെന്നും വര്‍ഷാവസാനത്തേക്കുള്ള നയതീരുമാനങ്ങള്‍ നേരത്തെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് വ്യക്തമാക്കി. സാമ്പത്തികനയം സംബന്ധിച്ച യോഗങ്ങളെ അപ്പോഴത്തെ സാഹചര്യം കൂടി മനസിലാക്കി വേണം വിലയിരുത്താനെന്നും ഐഎംഎഫ്– ലോകബാങ്ക് യോഗത്തിലെ ചര്‍ച്ചയ്ക്കിടെ വാര്‍ഷ് പറഞ്ഞു.

ഈ മാസം 27,28 തീയതികളിലെ ഫെഡ് യോഗത്തിലെയും ഡിസംബറിലെ യോഗത്തിലെയും സാമ്പത്തിക വിവരങ്ങള്‍ ഫെഡറല്‍ റിസര്‍വിന്‍റെ നയം സംബന്ധിച്ച് വ്യക്തമായ ധാരണ നല്‍കിയേക്കും. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന ഘടനാപരമായ മാറ്റങ്ങളും നിക്ഷേപത്തിലെ വര്‍ധനയും ഉണ്ടെങ്കിലും എഐയുടെ പ്രത്യാഘാതം പ്രകടമായേക്കാമെന്ന സൂചനയും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ നല്‍കി. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താല്‍ പലിശ നിരക്ക് കുറയ്ക്കുമെന്നോ കൂട്ടുമെന്നോ ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡോളർ–രൂപ വിനിമയവും രൂപയുടെ തിരിച്ചുവരവും

ഈ മാസം ആദ്യം ഡോളറിനെതിരെ 96.73 നിലവാരത്തിലായിരുന്ന രൂപ, ആര്‍ബിഐ ഇടപെടലിന് പിന്നാലെ നില മെച്ചപ്പെടുത്തി. നിലവില്‍ 94.85 ആണ് രൂപയുടെ വിനിമയ നിരക്ക്. എന്നാല്‍ രൂപ നില മെച്ചപ്പെടുത്തിയത് കൊണ്ടുമാത്രം സ്വര്‍ണ വില കുറയണമെന്നില്ല. രൂപ മെച്ചപ്പെടുന്നത് ഇറക്കുമതിച്ചെലവിെല സമ്മര്‍ദം ലഘൂകരിക്കുമെങ്കിലും രാജ്യാന്തര സ്വര്‍ണവിപണിയിലെ മാറ്റങ്ങളും ഇറക്കുമതിച്ചെലവും രാജ്യത്തും സ്വാധീനമുണ്ടാക്കും. ഈ മാസം ഒന്‍പതിന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് ഏകദേശം 4,200 ഡോളറിലാണ് വ്യാപാരം നടത്തിയത്. ഒരുഘട്ടത്തില്‍ ഇത് 4079 ഡോളറായി കുറഞ്ഞുവെങ്കിലും നിലവില്‍ 4,173 ഡോളറെന്നാണ് കണക്ക്. ഡോളറിന്റെ കരുത്ത്, അമേരിക്കന്‍ ബോണ്ട് വരുമാനത്തിലെ മാറ്റങ്ങള്‍, പണപ്പെരുപ്പം എന്നിവയും സ്വര്‍ണവിലയിലെ മുന്നേറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

സ്വര്‍ണവില എങ്ങോട്ട്?

ഈ മാസം അവസാനവാരത്തിലെ ഫെ‍ഡ് യോഗത്തിന് മുന്‍പുള്ള നാണ്യപ്പെരുപ്പം, തൊഴിൽവിപണി, സാമ്പത്തിക വളർച്ച എന്നിവ സംബന്ധിച്ച വിവരങ്ങളും ഡിസംബറിലെ നയസൂചനകളും സ്വർണവിപണിയുടെ അടുത്ത നീക്കങ്ങളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് ഉയർന്ന നിലയിൽ തുടരുകയോ ഡോളർ ശക്തിപ്പെടുകയോ ചെയ്താൽ സ്വർണ വില ഇടിയും.

പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ ശക്തിപ്പെടുകയോ രാജ്യാന്തര സംഘർഷങ്ങൾ വർധിക്കുകയോ ചെയ്താൽ സ്വർണ വില ഉയരും. രൂപയുടെ വിനിമയനിരക്ക്, ക്രൂഡ് ഓയിൽ വില, കേന്ദ്രബാങ്കുകളുടെ സ്വർണംവാങ്ങൽ, ആഗോള നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപങ്ങളോടുള്ള താൽപര്യം എന്നിവയും നിർണായകമാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍, രൂപയുടെ മുന്നേറ്റം എന്നിവ പരിഗണിച്ചായിരിക്കും കേരളത്തിൽ ഇനി സ്വർണ വിലയുടെ ഗതി.

ENGLISH SUMMARY:

Gold prices in Kerala have witnessed significant volatility, with the price of one sovereign (8 grams) reportedly falling by as much as ₹2,400 in a week. The future direction of gold prices will depend on global market movements, uncertainty over US Federal Reserve interest-rate decisions, and fluctuations in the Indian rupee against the US dollar. Although the rupee has strengthened recently, international gold prices, inflation, US bond yields, crude oil prices and central-bank gold purchases will continue to influence domestic rates.

Google trending topic: Gold