രാജ്യാന്തരവിലയിൽ വലിയ ഇടിവ് വന്നതോടെ കേരളത്തിൽ ഇന്ന് സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ എത്താൻ സാധ്യത. രാജ്യാന്തര വില നിലവിൽ 3850 ഡോളറിൽ താഴെയാണ്. ഇന്നലത്തെ ഏകദേശം നൂറ് ഡോളറിന്റെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ 3960 ഡോളറിലായിരുന്നു സ്വർണ വില.
നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ രാവിലെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാഹചര്യമുണ്ട്. അങ്ങനെ സംഭവിച്ചാൽ റെക്കോർഡ് വിലയിൽനിന്ന് പവന് 31,160 രൂപയിലധികം കുറവുണ്ടാകും. ജനുവരി 29-നാണ് കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.
2026 ജനുവരി 29-ന് ഔൺസിന് 5595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണവില ഇപ്പോൾ 3850 ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 1745 ഡോളറിന്റെ വൻ ഇടിവ്. വിലയിടിവ് എവിടെ അവസാനിക്കുമെന്നുപോലും പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. 3700 ഡോളറും തുടർന്ന് 3500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്.