AI Generated Image

മൂന്നു ദിവസത്തിനിടെ 4,040 രൂപ കുറഞ്ഞ ശേഷം സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 1,07,120 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 13390 രൂപയിലെത്തി. ജൂണ്‍ 17 മുതല്‍ കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ വിലയിലാണ് ഇന്ന് നേരിയ വര്‍ധനയുണ്ടായത്. ഡോളര്‍– രൂപ വിനിമയ നിരക്ക്, ഇറക്കുമതി ചെലവുകള്‍ എന്നിവയിലെ ഏറ്റകുറച്ചിലാണ് കേരളത്തിലെ സ്വര്‍ണ വില കൂടാന്‍ കാരണം. എങ്കിലും സമീപകാലത്ത് വില താഴേക്ക് പോകാം എന്ന ട്രെന്‍ഡാണ് വിപണിയില്‍. 

രാജ്യാന്തര സ്വര്‍ണ വില ഇടിവിലാണ്. ട്രോയ് ഔണ്‍സിന് 4154 ഡോളറില്‍ മൂന്നാഴ്ചയിലെ താഴ്ന്ന വിലയിലാണ് സ്വര്‍ണം. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് വരാന്‍ കാരണം യു.എസ് ഡോളര്‍ ശക്തമായതാണ്. പലിശ നിരക്ക് കൂട്ടുമെന്ന സൂചന യു.എസ് ഫെഡറല്‍ റിസര്‍വ് നല്‍കിയതോടെയാണ് സ്വര്‍ണത്തിന് തിരിച്ചടിയുണ്ടായത്. യുഎസ് സെൻട്രൽ ബാങ്കിന്‍റെ 19 നയരൂപീകരണ വിദഗ്ധരിൽ ഒമ്പത് പേരും ഈ വർഷം പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതോടെ നിക്ഷേപകര്‍ യു.എസ് ട്രഷറികളിലേക്ക് നിക്ഷേപം മാറ്റി. യു.എസ് ഡോളര്‍ ഇന്‍ഡെക്സ് 101 നിലവാരത്തിലെത്തി. 13 മാസത്തെ ഉയരമാണിത്. 

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം ബെയര്‍മാര്‍ക്കറ്റിലേക്ക് പോകാനും ഔണ്‍സിന് 4,000 ഡോളര്‍ എന്ന നിലവാരത്തിനും താഴേക്ക് വീഴാനും സാധ്യതയുണ്ടെന്നാണ് ജെഫറീസിന്‍റെ ഉടമസ്ഥതയിലുള്ള Tradu.com-ലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് നിക്കോസ് സാബൗറാസ് പറഞ്ഞത്. ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ കൂടുതല്‍ കാലം തുടരുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാണ്. ഇതിനൊപ്പം യുഎസ്-ഇറാൻ സമാധാന കരാറിന്റെ അടുത്ത ഘട്ടത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും സ്വര്‍ണത്തെ സ്വാധീനിക്കും. 

സ്വര്‍ണത്തിന്‍റെ പ്രവചനം

ഡിസംബറോടെ സ്വര്‍ണ വില ട്രോയ് ഔൺസിന് 4900 ഡോളറിലേക്ക് എത്തുമെന്നാണ് യു.എസ് നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്സ് പറയുന്നത്. 5400 ഡോളറായിരുന്നു നേരത്തെയുള്ള പ്രവചനം. ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുകയാണെങ്കിൽ സ്വർണവില ഈ വർഷാവസാനത്തോടെ 4,400-ലേക്ക് താഴുമെന്നും വിലയിരുത്തുന്നു. സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം  തുടര്‍ച്ചയായി കുറഞ്ഞു വരുന്നതാണ് പ്രവചനം കുറയ്ക്കാന്‍ കാരണം. 

ENGLISH SUMMARY:

After a significant decline of ₹4,040 over the past three days, gold prices in the local market saw a slight recovery, with the price per sovereign increasing by ₹160 to reach ₹1,07,120. This upward trend follows a period of continuous decline since June 17, largely driven by the strengthening US dollar and signals from the US Federal Reserve regarding potential interest rate hikes. As investors shift capital towards US Treasuries, international gold prices have hit a three-week low, with analysts at Tradu.com warning of a possible bearish trend that could push prices below the $4,000 per troy ounce mark. Meanwhile, Goldman Sachs has revised its year-end gold price forecast downwards to $4,900 from the previous $5,400, citing declining investment inflows into gold ETFs and the impact of federal interest rate policies.