രാവിലെ അനങ്ങാതിരുന്ന സ്വര്‍ണ വിലയ്ക്ക് ഉച്ചയ്ക്ക് ശേഷം ഇടിവ്. പവന് 1160 രൂപ കുറഞ്ഞ് സ്വര്‍ണ വില 1,09,640 രൂപയിലെത്തി. ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11265 രൂപയായി. പവന് 90,120 രൂപയാണ് ഇന്നത്തെ വില. യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്‍റെ ആദ്യ ഫെഡ് യോഗ തീരുമാനത്തിന് പിന്നാലെയാണ് സ്വര്‍ണ വില ഇടിയുന്നത്.
Also Read: സ്വര്‍ണത്തെ വലിച്ചു താഴെ ഇറക്കിയ ഒറ്റയാന്‍; ആരാണ് കെവിന്‍ വാർഷ്; സ്വര്‍ണത്തിന്‍റെ അന്തകനോ?
യു.എസ് പണനയ യോഗത്തിന് പിന്നാലെ രാജ്യാന്തര സ്വര്‍ണ വില ഇടിഞ്ഞിരുന്നു. പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനാണ് യു.എസ് ഫെഡ് തീരുമാനിച്ചത്. ഒപ്പം ഈ വര്‍ഷത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനയും ഫെഡറല്‍ റിസര്‍വ് നല്‍കി. ഇതോടെ ഡോളര്‍ കരുത്തായത് സ്വര്‍ണ വിലയെ താഴോട്ടെത്തിച്ചു. 4299 ഡോളറിലേക്ക് താഴ്ന്ന സ്വര്‍ണത്തിന് രാവിലെ കരുത്തായത് ക്രൂഡ് ഓയില്‍ വിലയിലെ ഇടിവാണ്. ഇതോടെ രാജ്യാന്തര വില 4322 ഡോളറിലേക്ക് എത്തി. നിലവില്‍ 4,244.90 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. ഇതാണ് ഉച്ചയ്ക്ക് ശേഷം വില വര്‍ധിക്കാന്‍ കാരണം.
പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനയ്ക്ക് പിന്നാലെ യു.എസ് ഡോളര്‍ കരുത്തുകാട്ടിയതാണ് സ്വര്‍ണ വില താഴേക്ക് പോകാന്‍ കാരണമായത്. പലിശനിരക്ക് കുറയ്ക്കാൻ അനുകൂലമായ സൂചനകളൊന്നും കെവിന്‍ വാര്‍ഷിന്‍റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നില്ല. ബോർഡ് അംഗങ്ങളിലെ 19 പേരിൽ ഒന്‍പതുപേരും ഈ വര്‍ഷം കുറഞ്ഞത് ഒരു തവണയെങ്കിലും പലിശനിരക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അതേസമയം, ഒക്ടോബറിൽ പലിശനിരക്ക് വർദ്ധനയുണ്ടാകുമെന്ന പ്രതീക്ഷകളിലും വിപണിയില്‍ സജീവമായി. ഇത് യുഎസ് ട്രഷറി യീല്‍ഡിനെയും യുഎസ് ഡോളറിനെയും ഉയർത്തി.
പലിശ നിരക്ക് കൂടുമ്പോള്‍ യു.എസ് കടപത്രങ്ങളുടെ ആദായ നിരക്കും ബാങ്ക് നിക്ഷേപങ്ങളുടെ നിരക്ക് മെച്ചപ്പെടും. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം സുരക്ഷഇടങ്ങളിലേക്ക് മാറുന്നതിനാലാണ് സ്വര്‍ണ വില ഇടിയുന്നത്. ഈ ട്രെൻഡ് തുടർന്നാൽ കേരളത്തിലെ വിലയും താഴും.