ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ കുരുങ്ങി സ്വര്‍ണവില കുത്തനെ വീഴുന്നു. ഇന്ന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 13350 ആയി. പവന് 1,06,800 രൂപയാണ് ഇന്നത്തെ വില. 1560 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണവില 1,31,160 രൂപയിലെത്തി സര്‍വകാല റെക്കോഡിട്ടത്. അതില്‍ നിന്ന് ഇതുവരെ 24,360 രൂപ കുറഞ്ഞു. ജനുവരി 29ന് ഒരു ഗ്രാമിന്‍റെ വില 16,395 രൂപയായിരുന്നു. അതേസമയം, ഗ്രാമിന് ഇതുവരെ 3045 രൂപ കുറഞ്ഞു.

വിലകുറയാനുള്ള കാരണം

രാജ്യാന്തരതലത്തില്‍ സ്വര്‍ണത്തിന്‍റെ വില താഴുന്നതിന്‍റെ തുടര്‍ച്ച തന്നെയാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ജനുവരിയില്‍ 5587 ഡോളര്‍ വരെ ട്രോയ് ഔണ്‍സിന് വില ഉയര്‍ന്നിരുന്നു. ഇത് 4100 ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നു.

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണത്തിന്‍റെ വിലയെ തളര്‍ത്തുന്നത്. ഡോളര്‍ കരുത്തുകൂട്ടാന്‍ കാരണം യുദ്ധവും. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഭീതി ലോകരാജ്യങ്ങള്‍ക്കെല്ലാം ഇടയില്‍ വളരെ ശക്തമാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഉയര്‍ന്ന പലിശനിരക്കുകള്‍ കുറേകാലത്തേക്ക് നിലനിര്‍ത്താനാണ് സാധ്യത. ഇത് നിക്ഷേപകരെ അമേരിക്കന്‍ ഡോളറിലേക്കും ബോണ്ടുകളിലേക്കും ആകര്‍ഷിക്കും. സ്വര്‍ണത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്യും.

ലോകത്തെ കേന്ദ്ര ബാങ്കുകളെല്ലാം അടുത്തകാലത്ത് സുരക്ഷിതനിക്ഷേപമായ സ്വര്‍ണം വന്‍ തോതില്‍ വാങ്ങിക്കൂട്ടിയിരുന്നു. എന്നാല്‍ ചൈനയുടെ ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകള്‍ക്ക് ഇപ്പോള്‍ സ്വര്‍ണത്തോട് പ്രിയമില്ല. ഇത് ആഗോളതലത്തില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കുറച്ചു. സ്വര്‍ണത്തിന്‍റെ ഉയര്‍ന്ന വിലയില്‍ നിന്ന് നിക്ഷേപകര്‍ വിറ്റ് ലാഭമെടുപ്പ് നടത്തിയതും സ്വര്‍ണവില കുറയുന്നതിന് കാരണമായിട്ടുണ്ട്.

രാജ്യാന്തര തലത്തിലെ സ്വര്‍ണവില നോക്കുമ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണവില ഇതിനകം ഒരു ലക്ഷത്തിന് താഴെ പോകേണ്ടതായിരുന്നു. രാജ്യത്തേക്കുള്ള സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയതാണ് വില അത്ര കുറയാത്തതിന് കാരണം. ആറു ശതമാനമുണ്ടായിരുന്ന ഇറക്കുമതി തീരുവ കറന്‍റ് അക്കൗണ്ട് കമ്മിയെ നേരിടുന്നതിനായി 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു.

സ്വര്‍ണത്തിന് തിളക്കം കുറഞ്ഞ ദിനങ്ങളാണ് ഹ്രസ്വകാലത്തേക്ക് എങ്കിലും വരാനിരിക്കുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ രാജ്യാന്തര സ്വര്‍ണവില 3500 ഡോളറിലേക്ക് വരെ താഴാനിടയുണ്ട്.

ENGLISH SUMMARY:

The retail gold price in Kerala witnessed a massive crash today, reflecting a sharp and extended downward correction across global bullion markets. The price of one gram of 22-karat gold plunged by ₹195 to settle at ₹13,350, while a sovereign format fell by a steep ₹1,560 to reach ₹1,06,800. This aggressive decline marks a substantial correction of ₹24,360 per sovereign from the absolute historic lifetime high of ₹1,31,160 recorded earlier this year on January 29. Financial experts attribute this sudden loss of luster to a strengthening US Dollar index driven by regional war escalations and stubborn global inflation data. Consequently, the US Federal Reserve is anticipated to hold interest rates higher for a prolonged period, motivating prominent institutional investors to shift liquid capital from yieldless gold into high-yielding American bonds. Furthermore, a sudden pause in aggressive bulk bullion purchases by major global entities like the central bank of China, combined with India's high 15% domestic import duty structure, continues to heavily weigh down physical market demand.