യു.എസും ഇറാനും സമാധാന കരാറിലെത്തിയതോടെ ആശങ്കയുയര്‍ത്തിയ യുദ്ധം തീരുകയാണ്, 100 ഡോളര്‍ കടന്ന രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയിലും വ്യത്യാസം കാണാം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 80.86 ഡോളറും ഡബ്ലുടിഐ ക്രൂഡ് 78.25 ഡോളറിലുമെത്തി. എണ്ണ വിതരണത്തിലുണ്ടായിരുന്ന തടസങ്ങള്‍ ഒഴിയുമെന്ന പ്രതീക്ഷയിലാണ് വില കുറയുന്നത്. രാജ്യാന്തര വില കുറയുമ്പോള്‍ ഇന്ത്യയില്‍ എണ്ണ വില കുറയുമോ എന്നതാണ് ഇനിയുള്ള ചോദ്യം. 

എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ പ്രധാന ആശ്രയം ഗള്‍ഫ് രാജ്യങ്ങളാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചടതോടെ എണ്ണ  വിതരണത്തിലെ പ്രതിസന്ധിക്കൊപ്പം വിലയും ഉയര്‍ന്നത് ഇന്ത്യയില്‍ ഊര്‍ജ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. പിന്നാലെ വിലയും ഉയര്‍ത്തി. നിലവില്‍ രാജ്യാന്തര വില കുറയുമ്പോള്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍, എല്‍പിജി വിലകള്‍ ഉടന്‍ കുറയില്ലെന്നാണ് നിഗമനം. 

രാജ്യാന്തര എണ്ണ വില കുറയുന്ന ഘട്ടത്തില്‍ എണ്ണ കമ്പനികള്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും ഉടനെ എണ്ണ വില കുറയ്ക്കാന്‍ സാധ്യതയില്ല. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ പൂര്‍ണതോതില്‍ സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. അതിനാല്‍ എണ്ണ കമ്പനികൾക്ക് നഷ്ടം തിരിച്ചുപിടിക്കാൻ അവസരമൊരുക്കുന്നതിനായി വില കുറയ്ക്കുന്നതിന് മുൻപ് നിലവിലുള്ള നിരക്കിൽ തന്നെ വില നിലനിർത്താൻ സർക്കാർ തയ്യാറാകും എന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. 

അസംസ്‌കൃത എണ്ണവിലയിൽ ഓരോ ഡോളര്‍ കുറയുമ്പോള്‍ ഇന്ത്യയില്‍ പെട്രോൾ, ഡീസൽ വിലകളിൽ ഏകദേശം 50-60 പൈസയുടെ കുറവുണ്ടാക്കും എന്നാണ് വിപണിയിലെ വിദഗ്ധരുടെ ഏകദേശ കണക്ക്. എന്നാല്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എണ്ണ വില വിറ്റതിലെ നഷ്ടം നികത്താനാണ് ഈ സാഹചര്യം ആദ്യം ഉപയോഗിക്കുക എന്നാണ് ആനന്ദ് രതി ഷെയേഴ്സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സ് കമ്പനിയുടെ പ്രിഫേർഡ് വിഭാഗം ഡയറക്ടറും മേധാവിയുമായ തോമസ് സ്റ്റീഫൻ അഭിപ്രായപ്പെടുന്നത്. 

ക്രൂഡ് ഓയില്‍ വില 80 ഡോളര്‍ എന്നത് ഉയര്‍ന്ന നിരക്കാണെന്നും ഇത് ചില്ലറ വിലയില്‍ ഉടനടി കുറവുണ്ടാക്കില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പരിഗണക്കുമ്പോള്‍ ഡോളറിന് 94–95 രൂപ എന്ന നിലവാരത്തിൽ വിനിമയ നിരക്ക് തുടരുന്നതിനാൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് ഇറക്കുമതി ചെലവിൽ വലിയ ആശ്വാസം നല്‍കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. ചില്ലറ വില്‍പ്പന വിലയില്‍ കാര്യമായ ഇടിവുണ്ടാകണമെങ്കില്‍ ക്രൂ‍ഡ് ഓയില്‍ വില 65-70 ഡോളറില്‍ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

യുഎസ്–ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സമയത്ത്, ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കാരണം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മേയ് 15 മുതല്‍ നാലു തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. ലീറ്ററിന് 7.50 രൂപയോളം വര്‍ധനവാണ് ഉണ്ടായത്. 

ENGLISH SUMMARY:

With the US and Iran reaching a peace agreement, international crude oil prices have eased, with Brent crude dropping to $80.86 and WTI to $78.25 per barrel. Despite this global decline, analysts suggest that retail fuel prices in India—petrol, diesel, and LPG—are unlikely to decrease immediately. The government and oil marketing companies are expected to use this stabilization period to recover the financial losses incurred during the peak conflict period, when they did not fully pass on the price hikes to consumers. Additionally, experts like Thomas Stephen from Anand Rathi Shares and Stock Brokers note that the current depreciation of the Indian Rupee against the US dollar negates much of the potential benefit from lower oil import costs, suggesting that retail prices may only see relief if crude oil consistently stays between $65–$70 per barrel.