സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 395 രൂപയും പവന് 3160 രൂപയും കുറഞ്ഞു. സമീപകാലത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. നിലവില്‍ ഗ്രാമിന് 13,645 രൂപയിലും പവന് 1,09,160 രൂപയിലുമാണ് വ്യാപാരം. ഈ മാസം ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണം.
രാജ്യാന്തര വിപണിയിലും കനത്ത ഇടിവാണുണ്ടായത്. രാജ്യാന്തരവില കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 150 ഡോളറിലേറെ ഇടിഞ്ഞ് ഔൺസിന് 4180 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം. യുഎസ്– ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതും ക്രൂഡ് ഓയിൽ വിലവർധനയും യുഎസ് ഡോളർ, ബോണ്ട് യീൽഡ് എന്നിവയുടെ മുന്നേറ്റവുമാണ് വിലയിടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, യുഎസിലെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും. ഇതും വിലയിടിവിന് കാരണമായിട്ടുണ്ട്. പണപ്പെരുപ്പം കൂടുമെന്നാണ് നിഗമനം. അങ്ങിനെയെങ്കില്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കാം. ഇത് രാജ്യാന്തര സ്വർണവില കൂടുതൽ ഇടിവിന് കാരണമാകുകയും ചെയ്തേക്കും. രാജ്യാന്തര വില ഔൺസിന് 4000 ഡോളറിനും താഴേക്കെത്തിയാല്‍ കേരളത്തിൽ പവന് ഒരുലക്ഷം രൂപയുടെ താഴെ എത്തിയേക്കാം. എന്നാൽ, പശ്ചിമേഷ്യ ശാന്തമാവുകയും എണ്ണവില താഴുകയും ഡോളര്‍ ഇടിയുകയും ചെയ്താൽ സ്വർണവില തിരിച്ചുകയറും.
അതേസമയം, ഈ മാസം ആദ്യം രേഖപ്പെടുത്തിയ 1,14,560 രൂപയാണ് ഈ മാസം ഇതുവരെയുള്ള ഏറ്റവും കൂടിയ വില. ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെ സ്വര്‍ണവില മാറ്റമില്ലാതെ ഇതേ രീതിയില്‍ തുടരുകയായിരുന്നു. പിന്നീട് വില പതിയെ കുറയാന്‍ ആരംഭിച്ചു. ഇന്നലെ ചെറിയൊരു വര്‍ധനയുണ്ടായെങ്കിലും ഇന്ന് വീണ്ടും കുത്തനെ ഇടിയുകയായിരുന്നു.