പാചക വാതക സിലിണ്ടറിനുള്ള സബ്സിഡിക്ക് പുതിയ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍. 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് സബ്സിഡി അനുവദിക്കില്ല. ഇക്കാര്യം വിശദമാക്കിയുള്ള എസ്എംഎസുകള്‍ എണ്ണ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചു തുടങ്ങി. ഏഴു ദിവസത്തിനകം പ്രതികരിച്ചില്ലെങ്കില്‍ സബ്സിഡി നിര്‍ത്തലാക്കും എന്നാണ് സന്ദേശത്തിലുള്ളത്.

ആദായ നികുതി റെക്കോര്‍ഡ് പരിശോധിച്ചാണ് എണ്ണ കമ്പനികള്‍ വിവര ശേഖരണം നടത്തുന്നത്. ഇതിലൂടെ ഉയര്‍ന്ന വരുമാനമുള്ള ഉപഭോക്താവിനെയും കുടുംബാംഗങ്ങളെയും കണ്ടെത്തി സബ്സിഡി പിന്‍വലിക്കാനുള്ള സന്ദേശമയക്കും. വാര്‍ഷിക വരുമാനം 10 ലക്ഷത്തില്‍ കൂടുതലുള്ളവര്‍ക്കാണ് സന്ദേശങ്ങള്‍ വരുന്നത്. സന്ദേശം ലഭിച്ചവര്‍ക്ക് 1800-2333-555 എന്ന ടോള്‍ ഫ്രീ നനമ്പറിലൂടെയോ എണ്ണക്കമ്പനിയുടെ പരാതി പരിഹാര പോർട്ടൽ വഴിയോ എതിർപ്പുകൾ ഉന്നയിക്കാം. ഏഴ് ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, എൽപിജി സബ്സിഡി നിർത്തലാക്കും.

2015 ഡിസംബറില്‍ കൊണ്ടു വന്ന നിയമപ്രകാരം, വാര്‍ഷിക വരുമാനം 10ലക്ഷത്തില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് പാചകവാതക സബ്സിഡിക്ക് അര്‍ഹതയില്ല. ഉപഭോക്താക്കള്‍ സ്വയം നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ആദായ നികുതി വിവരങ്ങള്‍ ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ആരോപണം. 

ആദായനികുതി പരിധിക്ക് പുറത്തുള്ളവർക്കും ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവർക്കും ഓരോ സിലിണ്ടറിനും 24.50 രൂപയാണ് നിലവിൽ സബ്സിഡിയായി നൽകുന്നത്. നേരത്തെ 400 രൂപയുണ്ടായിരുന്ന സബ്സിഡി തുക ലോക്ക്ഡൗൺ കാലത്താണ് കുറച്ചത്. 

ENGLISH SUMMARY:

The Central Government has introduced stricter norms for LPG subsidies, stating that individuals with an annual income exceeding 10 lakh will no longer be eligible. Oil marketing companies have begun sending SMS alerts to consumers based on Income Tax records, giving them a seven-day window to respond before the subsidy is discontinued. While this rule has existed since 2015 based on self-declaration, the government is now actively using tax data to identify high-income households. Currently, eligible consumers receive a subsidy of 24.50 per cylinder, a significant reduction from the earlier 400 provided before the lockdown period.