ഇന്ത്യയിലെ ആദ്യത്തെ വന്‍കിട സ്വര്‍ണ ഖനി പ്രവര്‍ത്തനം തുടങ്ങാന്‍ ഒരുങ്ങുന്നു. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ജൊന്നഗിരി പദ്ധതി മേയ് മാസത്തോടെ ആരംഭിക്കും. ജിയോമൈസൂര്‍ സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഖനിക്ക് പിന്നില്‍. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍. 

നിലവില്‍ ഇന്ത്യയിലെ ആഭ്യന്തര ഉല്‍പാദനം കര്‍ണാടകയിലെ ഹുട്ടി സ്വര്‍ണ ഖനിയില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണ്. വര്‍ഷത്തില്‍ 1.05 ടണ്‍ സ്വര്‍ണമാണ് ഇവിടെ ഖനനം ചെയ്യുന്നത്. എന്നാല്‍ വര്‍ഷത്തില്‍ 800 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് രാജ്യത്തിന്‍റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. 2001-ൽ കോലാർ ഗോൾഡ് ഫീൽഡ്സ് അടച്ചുപൂട്ടിയതോടെയാണ് ഇന്ത്യയിലെ ആഭ്യന്തര ഉല്‍പാദനം വലിയ രീതിയില്‍ കുറഞ്ഞത്. എന്‍എംഡിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദേശ ഖനികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 

ജോന്നഗിരി, എറഗുഡി, പഗിദിരായ് ഗ്രാമങ്ങളിലെ 598 ഹെക്ടറിലായാണ് ജൊന്നഗിരി സ്വര്‍ണ ഖനി പ്രവര്‍ത്തിക്കുന്നത്. 400 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ഇവിടെ നടത്തിയത്. ജൊന്നഗിരി പദ്ധതിയില്‍ 13.1 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ്  കണ്ടെത്തിയത്. ഇത് 42.5 ടണ്‍ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കൂടുതല്‍ പര്യവേഷണം സൂചിപ്പിക്കുന്നത്. 

ഖനി പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമായാല്‍ അടുത്ത 15 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1000 കിലോ സ്വര്‍ണം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. പദ്ധതി വരുന്നതോടെ ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അടുത്ത ദശകത്തിനുള്ളിൽ ഇന്ത്യ പ്രതിവർഷം കുറഞ്ഞത് 50 മുതൽ 100 ടൺ വരെ സ്വർണമെങ്കിലും ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധര്‍ പറയുന്നത്.

ENGLISH SUMMARY:

India's first large-scale gold mine is set to begin operations in Andhra Pradesh's Kurnool district, boosting domestic production and reducing the country's reliance on gold imports. This significant development aims to increase India's annual gold output, potentially alleviating pressure on foreign exchange reserves.