പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുത്തനെ വര്‍ധിപ്പിച്ചു. 195 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര തലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെയാണ് നടപടി. മാര്‍ച്ച് ഒന്നിന് 114 രൂപ 50  പൈസ വര്‍ധിപ്പിച്ചിരുന്നു. പുതുക്കിയ വര്‍ധനയോടെ 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 2078.50 പൈസ നല്‍കേണ്ടി വരും. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഏഴിന് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു. 920 രൂപയാണ് കൊച്ചിയില്‍ 14.2 കിലോയുള്ള ഗാര്‍ഹിക സിലിണ്ടറിന് വില. Also Read: വിമാന ഇന്ധനവില ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന് 51 രൂപയും വര്‍ധിപ്പിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയും, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ രാജ്യാന്തര നിരക്ക് അനുസരിച്ച് എല്ലാമാസവും വിലനിരക്ക് പുതുക്കാറുണ്ട്. 

പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ധനവിലയില്‍ 50 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഹോര്‍മുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞതോടെ ഇന്ധനനീക്കത്തില്‍ വന്‍ പ്രതിസന്ധിയും ഉടലെടുത്തിരുന്നു. 

പ്രീമിയം പെട്രോളിനും വിമാന ഇന്ധനത്തിനും വില വന്‍തോതില്‍ വര്‍ധിപ്പിച്ചിരുന്നു. ഇന്ധനവില ഇരട്ടിയായതോടെ വിമാന ടിക്കറ്റ് നിരക്കുകളിലും കാര്യമായ വര്‍ധന പ്രതീക്ഷിക്കാം. ഗള്‍ഫില്‍ നിന്നടക്കം സര്‍വീസുകള്‍ വന്‍തോതില്‍ തടസപ്പെട്ടത് വിമാനക്കമ്പനികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയിരുന്നു. അതേസമയം, പെട്രോള്‍ –ഡീസല്‍ വില വര്‍ധന തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതിയില്‍ വന്‍ കുറവ് വരുത്തിയിരുന്നു. പെട്രോള്‍ നികുതി ലീറ്ററിന് 10 രൂപ കുറയ്ക്കുകയും ഡീസലിന്‍റെ തീരുവ ഒഴിവാക്കുകയുമാണ് ചെയ്തത്. ഇന്ധനക്കയറ്റുമതിയുടെ തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. 

ENGLISH SUMMARY:

Oil marketing companies have hiked the price of 19kg commercial LPG cylinders by ₹195.50 starting April 1, 2026. This follows a previous hike of ₹114.50 in March, driven by a 50% surge in global fuel prices due to the ongoing conflict in the Middle East. While domestic LPG prices remain unchanged at ₹920 in Kochi, commercial rates have reached record highs. The government has also adjusted fuel taxes to mitigate the impact of rising petrol and diesel costs.